ഉത്രാടപ്പാച്ചിലിനിടെ ഇക്കാര്യങ്ങൾ മറക്കരുതേ…

ഉത്രാടദിനത്തിൽ അനുഭവപ്പെടുന്ന തിരക്കിനെയാണ് ‘ഉത്രാടപ്പാച്ചിൽ’ എന്ന് വിളിക്കുന്നത്. ഇത് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ…തിരുവോണസദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി മലയാളികൾ അവസാനഘട്ട ഷോപ്പിങ്ങിനായി അങ്ങ് ഇറങ്ങുകയാണ്. ഓണത്തിന്റെ ആവേശം ഉത്രാടപ്പാച്ചിലിൽ കാണാം.

അത്തപ്പൂക്കളം, ഓണസദ്യ, ഓണക്കോടി, വീട്ടിലേക്കുള്ള അതിഥികൾ, ഷോപ്പിങ് എല്ലാം ഒരുമിച്ച് എത്തുമ്പോൾ പല വീടുകളിലും യഥാർഥ ഉത്രാടപ്പാച്ചിൽ തുടങ്ങും. ആഘോഷത്തിന്റെ ആവേശത്തിൽ അവസാന നിമിഷം ചില പ്രധാന കാര്യങ്ങൾ മറന്നുപോകാനും സാധ്യതയുണ്ട്. അതുകൊണ്ട് ഓണത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാക്കാണ ഒരു പ്ലാനിങ് ഉള്ളത് നല്ലതാണ്.

സാധനങ്ങളുടെ ലിസ്റ്റ്

ഉത്രാടദിനത്തിലെ ഏറ്റവും വലിയ തിരക്കുകളിലൊന്ന് സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്നതാണ്. സാധാനങ്ങൾ വാങ്ങാൻ പുറത്ത് പോകുന്നതിന് മുൻപ് ആവശ്യമായവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നത് നല്ലതാണ്.

പച്ചക്കറികൾ ഫ്രഷാണെന്ന് ഉറപ്പാക്കുക

സദ്യയ്ക്ക് ആവശ്യമായ പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ ഫ്രഷ് ആയവ വാങ്ങുക. ആവശ്യത്തിലധികം പച്ചക്കറികൾ വാങ്ങി ദിവസങ്ങളോളം സൂക്ഷിക്കുന്നത് പെട്ടെന്ന് കേടാകാൻ ഇടയാക്കും. ഉപയോഗിക്കുന്ന ക്രമം മനസ്സിൽ വെച്ച് വാങ്ങുന്നതാണ് നല്ലത്. എല്ലാം ഒരേസമയം കഴുകി ഫ്രിഡ്ജിൽ വെക്കുന്നതിനേക്കാൾ ആവശ്യാനുസരണം ഉപയോഗിക്കുന്നത് പലപ്പോഴും കൂടുതൽ സൗകര്യപ്രദമാണ്.

പൂക്കളം മറക്കരുത്

ഓണത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് അത്തപ്പൂക്കളം. തിരുവോണത്തിന് ആവശ്യമായ പൂക്കൾ മുൻകൂട്ടി വാങ്ങി വെക്കാം. വിവിധ നിറങ്ങളിലുള്ള പൂക്കൾ തിരഞ്ഞെടുക്കുമ്പോൾ പൂക്കളം കൂടുതൽ മനോഹരമാകും. പൂക്കളം ഒരുക്കാൻ ആവശ്യമായ പൂക്കൾ, ഇലകൾ, പാത്രങ്ങൾ, അലങ്കാരസാമഗ്രികൾ എന്നിവ ഉണ്ടോയെന്ന് മുൻകൂട്ടി പരിശോധിക്കാം. രാവിലെ മാർക്കറ്റിലെ തിരക്ക് ഒഴിവാക്കാൻ പൂക്കൾ നേരത്തെ വാങ്ങുന്നതാണ് നല്ലത്.

വീട് വൃത്തിയാക്കാനുള്ള അവസാനഘട്ട ഒരുക്കം
വീടിന്റെ മുഴുവൻ വൃത്തിയാക്കലും നേരത്തെ പൂർത്തിയാക്കിയില്ലെങ്കിൽ ഉത്രാടദിനത്തിൽ അത് വലിയ ജോലിയായി മാറാം. അതിനാൽ അവസാനമായി ശ്രദ്ധിക്കേണ്ടത് പ്രധാനമായ ഭാഗങ്ങളാണ്.

സ്വീകരണമുറി

അടുക്കള

ഡൈനിങ് സ്ഥലം

വരാന്ത

അതിഥികൾ ഉപയോഗിക്കുന്ന മുറികൾ

ബാത്ത്റൂം

വീട്ടിൽ അതിഥികൾ വരുമെങ്കിൽ കസേര, കുടിവെള്ളം, ടവൽ, ബെഡ്‌ഷീറ്റ് തുടങ്ങിയവയും ഒരുക്കിവെക്കാം.

സദ്യയ്ക്കുള്ള പാത്രങ്ങൾ പരിശോധിക്കുക

സദ്യ ഒരുക്കുമ്പോൾ പലപ്പോഴും മറന്നുപോകുന്ന കാര്യമാണ് ആവശ്യത്തിന് പാത്രങ്ങളും വിളമ്പാനുള്ള സാധനങ്ങളും ഉണ്ടോയെന്നത്. വലിയ പാത്രങ്ങൾ, കിണ്ണങ്ങൾ, കരണ്ടികൾ, സെർവിങ് സ്പൂണുകൾ എന്നിവ മുൻകൂട്ടി പരിശോധിക്കുക.

അതുപോലെ തന്നെ വാഴയിലകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ ആവശ്യത്തിന് ഉണ്ടോ എന്നും പരിശോധിക്കണം. സദ്യ കഴിക്കുന്നവരുടെ എണ്ണം കണക്കാക്കി അധികം ഇലകൾ കരുതുന്നത് നല്ലതാണ്.

പാചകം മുൻകൂട്ടി പ്ലാൻ ചെയ്യുക

ഓണസദ്യയിലെ എല്ലാ വിഭവങ്ങളും ഒരേ സമയം തയ്യാറാക്കാൻ ശ്രമിച്ചാൽ അടുക്കളയിലെ തിരക്ക് കൂടും. അതുകൊണ്ട് ഏത് വിഭവം എപ്പോൾ തയ്യാറാക്കണം എന്നതിനെക്കുറിച്ച് ചെറിയൊരു പ്ലാൻ ഉണ്ടാക്കാം. മുൻകൂട്ടി ചെയ്യാൻ കഴിയുന്ന വിഭവങ്ങൾ നേരത്തെ തയ്യാറാക്കാം. രാവിലെ പുതുതായി ഉണ്ടാക്കേണ്ട വിഭവങ്ങൾ ഏതൊക്കെയാണെന്ന് പ്രത്യേകം തീരുമാനിക്കാം.

പായസത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ ചെയ്യാം

ഓണസദ്യയുടെ മധുരം പായസമാണ്. പായസത്തിനുള്ള അരി, ശർക്കര, പാൽ, നെയ്യ്, കശുവണ്ടി, മുന്തിരി തുടങ്ങിയ സാധനങ്ങൾ മുൻകൂട്ടി തയ്യാറാക്കി വെക്കാം. ഏത് പായസമാണ് തയ്യാറാക്കേണ്ടതെന്ന് തീരുമാനിച്ച് അതിനാവശ്യമായ സാധനങ്ങൾ മുഴുവനും ഉണ്ടെന്ന് ഉറപ്പാക്കുക. അവസാന നിമിഷത്തിൽ ഒരു പ്രധാന ചേരുവ കിട്ടാതെ വരുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

അതിഥികൾ വരുമോ? കണക്കെടുക്കാം

ഓണദിനത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്താൻ സാധ്യതയുണ്ട്. എത്ര പേർ വരുമെന്ന കാര്യത്തിൽ ഏകദേശ ധാരണയുണ്ടെങ്കിൽ ഭക്ഷണത്തിന്റെ അളവ് തീരുമാനിക്കാൻ എളുപ്പമാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ അതിഥികൾ എത്തിയാൽ വിളമ്പാൻ കഴിയുന്ന തരത്തിൽ ചെറിയൊരു അധിക അളവിൽ സാധനങ്ങൾ കരുതാം. എന്നാൽ അമിതമായി ഭക്ഷണം ഉണ്ടാക്കി പാഴാക്കുന്നതും ഒഴിവാക്കണം.

ഷോപ്പിങ്ങിന് ഒരു ബജറ്റ് നിശ്ചയിക്കുക

ഓണത്തിന്റെ ആവേശത്തിൽ പലപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുകയും ചെലവ് കൂടുകയും ചെയ്യും. അതിനാൽ ഷോപ്പിങ്ങിന് പോകുന്നതിന് മുമ്പ് ഒരു ബജറ്റ് നിശ്ചയിക്കുന്നത് നല്ലതാണ്. ആദ്യം അത്യാവശ്യ സാധനങ്ങൾ വാങ്ങുക. പിന്നീട് ബാക്കിയുള്ള അലങ്കാരവസ്തുക്കളും മറ്റ് ആവശ്യങ്ങളും പരിഗണിക്കാം. തിരക്കേറിയ ദിവസങ്ങളിൽ ഓഫറുകൾ കണ്ട് അനാവശ്യ സാധനങ്ങൾ വാങ്ങാതിരിക്കാനും ശ്രദ്ധിക്കണം.

ട്രാഫിക്ക് തിരക്ക് ഒഴിവാക്കാം

ഉത്രാടപ്പാച്ചിലിൽ റോഡുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വലിയ തിരക്ക് ഉണ്ടാകാം. അതിനാൽ അവസാന നിമിഷം യാത്ര പുറപ്പെടുന്നതിനേക്കാൾ കുറച്ച് നേരത്തെ ഇറങ്ങുന്നതാണ് നല്ലത്. വാഹനത്തിൽ പോകുന്നവർ പാർക്കിങ്, ട്രാഫിക് തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണം. സാധനങ്ങൾ വാങ്ങിയ ശേഷം വീട്ടിലെത്താനുള്ള സംവിധാനവും മുൻകൂട്ടി ആലോചിക്കാം.

മരുന്നുകളും അടിയന്തര ആവശ്യങ്ങളും കരുതിവെക്കാം

വീട്ടിൽ കുട്ടികളോ മുതിർന്നവരോ ഉണ്ടെങ്കിൽ ആവശ്യമായ മരുന്നുകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കുക. കുടിവെള്ളം, പ്രാഥമിക ശുശ്രൂഷാ സാധനങ്ങൾ എന്നിവയും പരിശോധിക്കാം. ആഘോഷത്തിന്റെ തിരക്കിൽ ആരോഗ്യകാര്യങ്ങൾ അവഗണിക്കാതിരിക്കുകയാണ് പ്രധാന്യം. ആവശ്യത്തിന് വിശ്രമവും ഉറക്കവും ഉറപ്പാക്കണം.

Related Articles

Back to top button