മഴ പെയ്യുമ്പോഴുള്ള ചവിട്ടുനാടകം ഞങ്ങളോട് വേണ്ട… മേയർ വി വി രാജേഷ്

തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മേയർ വി വി രാജേഷ്. മഴ പെയ്യുമ്പോഴുള്ള ചവിട്ടുനാടകം തങ്ങളോട് വേണ്ടെന്ന് മേയർ പറഞ്ഞു. ഇന്നലെ അസാധാരണമായ മഴയാണ് നഗരത്തിൽ ലഭിച്ചത്. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു. നഗരസഭയുടെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മേയർ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇത്രയധികം വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ വ്യാസമുള്ള ഓടകളില്ല. നിർമാണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരശുചീകരണം കോർപറേഷന്റെ ഉത്തരവാദിത്തമാണ്. അത് സമയബന്ധിതമായി നഗരസഭ നിർവഹിക്കുന്നുണ്ട്. എന്നാൽ റോഡുകളുടെ കാര്യത്തിൽ മറ്റ് വകുപ്പുകൾക്കും ഉത്തരവാദിത്തമുണ്ട്. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ പറഞ്ഞു. താൻ ഉലകം ചുറ്റുകയാണെന്ന വിമർശനത്തിനും വി വി രാജേഷ് മറുപടി നൽകി. മറ്റ് സ്ഥലങ്ങളിൽ പോയി സംവിധാനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി തിരുവനന്തപുരത്ത് നടപ്പാക്കാനുള്ള ശേഷി തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വി. ശിവൻകുട്ടിക്ക് അതൊന്നും മനസ്സിലാകില്ലായിരിക്കുമെന്നും പരിഹസിച്ചു. മുൻ മേയർ വി കെ പ്രശാന്തിനെതിരെയും മേയർ വിമർശനം ഉന്നയിച്ചു. സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിലൂടെ ആയിരം കോടി രൂപ നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം. 40 വർഷം ഭരിച്ച് നഗരത്തെ തകർത്തവർ ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി. ശിവൻകുട്ടി കഴിഞ്ഞ കുറച്ചുകാലമായി അപ്രസക്തമായ കാര്യങ്ങളാണ് പറയുന്നതെന്നും നഗരസഭ മേയറായിരുന്ന കാലത്താണ് നഗരത്തിന്റെ വികസന സാധ്യതകൾ ഇല്ലാതായതെന്നും വി വി രാജേഷ് ആരോപിച്ചു. വിളപ്പിൽശാലയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് പകരം ഗുണ്ടായിസത്തിലൂടെ കാര്യങ്ങൾ തീർക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഇന്നലെ ഗോവയിൽ മാലിന്യസംസ്കരണ പ്ലാന്റ് കാണാനാണ് പോയതെന്നും അവിടുത്തെ സംവിധാനങ്ങൾ പഠിച്ച് നഗരത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മേയർ വിശദീകരിച്ചു. റോഡുകളിലെ ഡ്രെയിനേജ് ഗ്രില്ലുകൾ നീക്കി വൃത്തിയാക്കേണ്ട ഉത്തരവാദിത്തം അതത് ഏജൻസികൾക്കാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ടിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് വിശദമായി പരിശോധിക്കും. കഴിഞ്ഞ കൗൺസിൽ യോഗം നേരത്തേ നടന്നതാണെന്നും ഇന്നലെ ഇത്തരമൊരു മഴയും വെള്ളക്കെട്ടും ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലെന്നും മേയർ കൂട്ടിച്ചേർത്തു



