ഒറ്റമഴയിൽ നഗരം മുങ്ങിയപ്പോൾ മേയർ ഗോവയിൽ…. മേയർ വി വി രാജേഷിനെതിരെ വിമർശനം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തലസ്ഥാന നഗരത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി പ്രതിക്കൂട്ടിൽ. മേയർ വി വി രാജേഷിനെതിരെ പ്രതിപക്ഷം വിമർശനം കടുപ്പിച്ചു. മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടത്താത്തതാണ് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവത്തിൽ ചർച്ച നടത്താൻ മേയർ വി വി രാജേഷ് ഹെൽത്ത് സർക്കിൾ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്കാണ് യോഗം. ഗോവയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന മേയർ യാത്ര വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂർ പെയ്ത കനത്ത മഴയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായത്. നഗരത്തിൽ ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ബസുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്തവിധം ഗതാഗതം സ്തംഭിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. കാൽനടയാത്രക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും വലിയ ദുരിതത്തിലായി. കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒന്നര മണിക്കൂറിനിടെ നഗരത്തിൽ പെയ്തത് 91 മില്ലിമീറ്റർ മഴയാണ്. വെള്ളം ഒഴുകിപ്പോകാത്തതിനെ തുടർന്ന് പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. ശുചീകരണ തൊഴിലാളികളും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ചേർന്ന് അടഞ്ഞുപോയ ഡ്രെയിനേജ് ഹോളുകൾ വൃത്തിയാക്കി വെള്ളം ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ചാറ്റൽമഴ പെയ്താൽ പോലും ഓടകൾ നിറയുന്ന സാഹചര്യമാണ് നഗരത്തിലുള്ളതെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ ആരോപിച്ചു. ഓടകൾക്ക് 100 സെന്റിമീറ്റർ പോലും താഴ്ചയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. അതേസമയം, ബിജെപി നേതൃത്വം നൽകുന്ന തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്കെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി രംഗത്തെത്തി. നഗരത്തിലെ വെള്ളക്കെട്ടിൽ വള്ളമിറക്കുന്നതാണോ ബിജെപി ഭരിക്കുന്ന നഗരസഭയുടെ വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റല്ല, ബ്ലും പ്രിന്റാണെന്നും ശിവൻകുട്ടി പരിഹസിച്ചു. മാലിന്യം വൃത്തിയാക്കാൻ പൊലീസിന് ഇറങ്ങേണ്ട സാഹചര്യമുണ്ടായെന്നും കോർപറേഷന്റെ യഥാർഥ ജോലി എന്താണെന്നും മുൻ മേയർ വി കെ പ്രശാന്തും ചോദിച്ചു.



