ആ ചോര സാക്ഷി, പ്രവർത്തകർ കൂടെയുണ്ട്… ഷാഫി പറമ്പിലിന് പിന്തുണയുമായി…

കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പ് പോര് തുടരുന്നതിനിടെ ഷാഫി പറമ്പിൽ എം.പിയെ അനുകൂലിച്ച് കോഴിക്കോട്ട് വിവിധയിടങ്ങളിൽ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുന്നിലടക്കം കഴിഞ്ഞ ദിവസം രാത്രിയാണ് ഫ്ലക്സുകൾ സ്ഥാപിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വെള്ളിയാഴ്ച രാവിലെ ഡിസിസി ഓഫീസ് ജീവനക്കാർ ഫ്ലക്സുകൾ നീക്കം ചെയ്തു. ‘പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’ എന്നാണ് ഫ്ലക്സുകളിൽ എഴുതിയിരിക്കുന്നത്.
ഡിസിസി ഓഫീസിന് പുറമെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും വടകരയിലും ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് പേരാമ്പ്രയിൽ പൊലീസുമായുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിലിന്റെ മൂക്കിന് പരിക്കേൽക്കുകയും രക്തം ഒഴുകുകയും ചെയ്തിരുന്നു. അന്നത്തെ സംഭവത്തിന്റെ ചിത്രമാണ് ഫ്ലക്സുകളിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം പരസ്യപ്രതികരണങ്ങളിലേക്ക് കടന്ന സാഹചര്യത്തിലാണ് ഷാഫി പറമ്പിലിനെ അനുകൂലിച്ചുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.



