വിഴിഞ്ഞത്ത് ഐ ട്വൻ്റി കാറുമായി കാസർകോട്….ലക്ഷ്യം വിനോദ സഞ്ചാരികൾ….ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി പിടിയിൽ….

തിരുവനന്തപുരം: 51ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി വിഴിഞ്ഞത്തിന് സമീപം രണ്ടുപേർ അറസ്റ്റിൽ. കാസർഗോഡ് വെള്ളരികുണ്ട് ചിറ്റാരിക്കൽ പാലവയൽ മെയ്യാൽ വലിയ വീട്ടിൽ ജിഷ്‌ണു (30), മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തല പാറക്കൽ വീട്ടിൽ സഹലു റഹ്‌മാൻ (36) എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്.

കോവളം, പൂവാർ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 5.30ഓടെ വിഴിഞ്ഞം മുക്കോല ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. വാടകയ്ക്കെടുത്ത ഐ ട്വൻ്റി കാറിൽ എറണാകുളത്ത് നിന്നാണ് ഇവരെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജിഷ്‌ണുവിന്റെ കൈവശമുണ്ടായിരുന്ന ബാഗിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. സഹലുൾ റഹ്മാന്റെ കൈയിലായിരുന്നു കഞ്ചാവ്. ഇതിന് മാർക്കറ്റിൽ മൂന്നരലക്ഷത്തോളം വിലയുണ്ടാകുമെന്ന് എക്സൈസ് പറഞ്ഞു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ജിഷ്‌ണു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.

Related Articles

Back to top button