തലസ്ഥാനത്ത് അതിശക്ത മഴ….6 ജില്ലകളിൽ യെല്ലോ അലർട്ട്…

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളിൽ കനത്ത മഴയെത്തുടർന്ന് പലയിടത്തും വീടുകളിൽ വെള്ളം കയറി. വിതുര, പൊൻമുടി മേഖലകളിൽ ശക്തമായ മഴയാണ് തുടരുന്നത്. വാമനപുരം നദിയുടെ പോഷക നദിയായ മക്കിയാർ കരകവിഞ്ഞൊഴുകുന്നതിനൊപ്പം നദിയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാർഡുകളിൽ വെള്ളം കയറിയ വീടുകളിൽ കഴിഞ്ഞിരുന്നവരെ സുരക്ഷിതമായ മറ്റ് വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പേപ്പാറ ഡാമിന്റെ റിസർവോയറിൽ നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയതിനെ തുടർന്ന് പേപ്പാറ പൊടിയക്കാല ആദിവാസി ഊരിയിലേക്കുള്ള വഴികൾ പൂർണ്ണമായും മുങ്ങി. ഇതോടെ പൊടിയക്കാല ഊര് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ചെറുപാലങ്ങൾ വെള്ളത്തിനടിയിലായി ചെറിയ തോടുകളും കരകവിഞ്ഞൊഴുകുന്നുണ്ട്.

Related Articles

Back to top button