മഞ്ജു വാര്യർക്കെതിരായ തരംതാണ കോപ്രായങ്ങൾ അങ്ങേയറ്റം അപലപനീയം

സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തെ അപലപിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി. നടി മഞ്ജു വാര്യർ സ്വന്തം പ്രതിഭ കൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർന്നുവന്ന നടിയാണെന്നും അവർക്കെതിരെ ഭരണസിരാ കേന്ദ്രത്തിന് മുന്നിൽ അരങ്ങേറുന്ന തരംതാണ കോപ്രായങ്ങൾ അപലപനീയമാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
‘ഒരു വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണ്ണയാവകാശത്തെയും പരസ്യമായി ചവിട്ടിമെതിക്കുന്ന ഇത്തരം ഹീനമായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉയർന്നേ തീരൂ. ജീവിതവും നിലപാടുകളും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള ഒരു സ്ത്രീയുടെ മൗലികാവകാശത്തിന്മേൽ കടന്നുകയറാനും വ്യാജ ആരോപണങ്ങളിലൂടെ നീതിയെ വെല്ലുവിളിക്കാനും ആർക്കും അവകാശമില്ല. ദശാബ്ദങ്ങളുടെ കഠിനാധ്വാനത്തെ തകർക്കാൻ കെട്ടുകഥകളിലൂടെയും ഡിജിറ്റൽ ഇടങ്ങളിലൂടെയും നടത്തുന്ന ഈ നീക്കം പച്ചയായ വ്യക്തിഹത്യയും കൊടിയ മാനസിക പീഡനവുമാണ്’, ശിവൻകുട്ടി അഭിപ്രായപ്പെട്ടു.



