സിബിഎസ്ഇ അഴിമതിയിൽ കേന്ദ്ര മന്ത്രാലയം ഇടപെടുന്നു…. ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി…. പാർലമെന്ററി സമിതി സമൻസ് അയച്ചതായി ഡീൻ കുര്യാക്കോസ് എംപി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ടെൻഡർ അഴിമതിയിലും വെബ്‌സൈറ്റ് തകരാറിലും ഒടുവിൽ കടുത്ത നടപടികളിലേക്ക് നീങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഗുരുതരമായ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് മന്ത്രാലയ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. സംഭവത്തിൽ സി.ബി.എസ്.ഇ ബോർഡിനോട് കേന്ദ്ര മന്ത്രാലയം വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ടെൻഡർ പ്രക്രിയയിൽ വരുത്തിയ അട്ടിമറികളും ഒ.എസ്.എം പോർട്ടലിൽ ഉണ്ടായ വലിയ സുരക്ഷാ പോരായ്മകളും പ്രത്യേകം അന്വേഷിക്കും.

വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ഇതുവരെ സി.ബി.എസ്.ഇ അധികൃതർ നൽകിയ വിശദീകരണങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. തുടർച്ചയായ തകരാറുകൾ മൂലം വിദ്യാർത്ഥികളെ വലിയ ദുരിതത്തിലാക്കിയ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടൽ അടിയന്തിരമായി പരിഹരിച്ച് ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും.

അതേസമയം, സി.ബി.എസ്.ഇ മൂല്യനിർണ്ണയ വിവാദവും നീറ്റ് പരീക്ഷാ ക്രമക്കേടുകളും രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി വിഷയത്തിൽ നേരിട്ട് ഇടപെട്ടു കഴിഞ്ഞു. സി.ബി.എസ്.ഇയിലെയും നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് പാർലമെന്ററി സമിതി സമൻസ് അയച്ചതായി സമിതി അംഗം കൂടിയായ ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പരീക്ഷാ നടത്തിപ്പിലും ഡിജിറ്റൽ മൂല്യനിർണ്ണയത്തിലും വരുത്തിയ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും സമിതി നേരിട്ട് വിശദവിവരങ്ങൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ, നീറ്റ് യു.ജി പുനപ്പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിലവിൽ കോടതിക്ക് അവധിക്കാലമായതിനാൽ, ഈ ഹർജി കോടതി അവധിക്ക് ശേഷം വിശദമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. മറുവശത്ത്, തുടർച്ചയായ പരീക്ഷാ പരാജയങ്ങളുടെയും അഴിമതികളുടെയും പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി പൂർണ്ണമായും പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവുമായി ‘യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട്’ രംഗത്തെത്തിയിട്ടുണ്ട്. പാർലമെന്ററി സമിതിക്ക് മുൻപാകെയാണ് മെഡിക്കൽ കൂട്ടായ്മ ഈ ശക്തമായ ആവശ്യം ഉന്നയിച്ചത്. നിലവിലെ എൻ.ടി.എ സംവിധാനത്തിന് പകരം സുതാര്യത ഉറപ്പാക്കുന്ന പുതിയൊരു ദേശീയ പരീക്ഷാ സമിതി രൂപീകരിക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.

Related Articles

Back to top button