‘യുഡിഎഫ് ലക്ഷ്യമിടുന്നത് കോടികളുടെ അഴിമതി, നാട് നീളെ മദ്യമൊഴുക്കാൻ പദ്ധതി’…. എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാനാണ് യുഡിഎഫിന്റെ പദ്ധതിയെന്നും ഈ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുന്ന ധനകാര്യമന്ത്രി, ഈ ഒരൊറ്റ നികുതി ഇളവിലൂടെ സംസ്ഥാനത്തിന് ഏറ്റവും ചുരുങ്ങിയത് 600 കോടി രൂപയുടെ വരുമാന നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പ്രമുഖ കോർപ്പറേറ്റ് കമ്പനിയുടെ ആവശ്യപ്രകാരമാണ് ഈ നികുതിയിളവ് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് കർണാടക മദ്യ ലോബിയാണ്. എത്ര കോടികൾ കിട്ടിയതുകൊണ്ടാണ് സർക്കാർ ഇത്തരമൊരു ഇളവ് നൽകിയതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. 10 ശതമാനം വരെ സ്പിരിറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന മദ്യത്തിന് 120 ശതമാനമാണ് നികുതി കുറച്ചുനൽകിയിരിക്കുന്നത്. നികുതി കുറച്ചതോടെ മദ്യം സുലഭമായി മാറുമെന്നും ഇത് പുതിയ തലമുറ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് വഴിതെളിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മദ്യനയത്തെ യുഡിഎഫ് തീരുമാനവുമായി എം ബി രാജേഷ് താരതമ്യം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് അനുമതി നൽകിയിരുന്നത്. അത് നമ്മുടെ നാട്ടിലെ കർഷകർക്ക് വലിയ രീതിയിൽ സഹായകരമാകുന്ന ഒന്നായിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ ഇപ്പോൾ വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ വിപണിയിലെത്തിക്കാൻ നോക്കുന്നത് സ്പിരിറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന മദ്യമാണ്. കൃഷിക്കാരെ സഹായിക്കാൻ കൊണ്ടുവന്ന ആശയത്തെ അട്ടിമറിച്ച്, കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.



