ചേർത്തലയിൽ നിന്ന് ഒരു ബണ്ടിൽ ടിക്കറ്റ് വാങ്ങി, അതിൽ തന്നെ ഒരേ നമ്പറിൽ രണ്ടെണ്ണം!

ചേർത്തല: വെള്ളിയാഴ്ച നറുക്കെടുത്ത സുവർണ കേരളം എസ് കെ-63 ഭാഗ്യക്കുറിയിൽ ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ കണ്ടെത്തി. വ്യാജ ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ വ്യാപകമാണെന്ന് ആരോപിച്ച് ടിക്കറ്റ് വാങ്ങിയ പള്ളിപ്പുറം കെ ആർ പുരം കരവുണ്ഡുകടവിൽ രഞ്ജിത്ത് രവീന്ദ്രൻ ചേർത്തല പൊലീസിലും ജില്ലാ ലോട്ടറി ഓഫീസിലും പരാതി നൽകി. ചേർത്തലയിലെ ഭഗവതി ലക്കി സെന്ററിൽ നിന്നാണ് സുവർണ കേരളം എസ് കെ-63 ഡ്രോയിലെ ആർ എം 273225 മുതൽ 273249 വരെയുള്ള രണ്ട് ബുക്ക് ടിക്കറ്റുകൾ രവീന്ദ്രൻ വാങ്ങിയത്. ഇതിൽ ആർ എം 273235 എന്ന സീരിയലിലുള്ള ടിക്കറ്റിലാണ് ഒരേ നമ്പറിൽ രണ്ടെണ്ണം കണ്ടെത്തിയത്.

തുടർന്ന് ടിക്കറ്റുകൾ പ്രത്യേകം സ്കാനറിൽ പരിശോധിച്ചപ്പോൾ ഒരെണ്ണം വ്യാജനാണെന്ന് വ്യക്തമായി. നറുക്കെടുപ്പ് ഫലം വന്നപ്പോൾ അസൽ ടിക്കറ്റിനും സമ്മാനം ലഭിച്ചിരുന്നില്ലെന്ന് രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് കണിച്ചുകുളങ്ങര സ്വദേശിക്ക് കേരള ലോട്ടറിയിൽ ഒരു കോടി രൂപ സമ്മാനം ലഭിച്ചതായി പ്രചരിച്ചെങ്കിലും, പിന്നീടുള്ള പരിശോധനയിൽ അത് വ്യാജ ലോട്ടറിയാണെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ വിപണിയിലുള്ള ലോട്ടറി ടിക്കറ്റുകളിൽ വ്യാജനും ഇടകലർന്നിട്ടുണ്ടെന്നാണ് പ്രധാന ആക്ഷേപം.

എന്നാൽ, ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ വന്നത് അച്ചടിയിൽ ഉണ്ടായ പിഴവാകാമെന്നാണ് ലോട്ടറി ഓഫീസിന്റെ പ്രാഥമിക വിശദീകരണം. സംഭവത്തിൽ ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. ലോട്ടറി വകുപ്പും വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button