മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങൾ… മൂന്ന് കുട്ടികളടക്കം…

മുംബൈ: മഹാരാഷ്ട്രയെ നടുക്കി രണ്ട് വാഹനാപകടങ്ങൾ. ഭണ്ഡാരയിലും നാന്ദേഡിലുമായി ഉണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് കുട്ടികളടക്കം 14 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഭണ്ഡാരയിലെ പിമ്പാൽഗാവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിൽ നിന്ന് റായ്പൂർ വഴി നാഗ്പൂരിലേക്ക് പോകുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച വാനും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു.
വാനിലുണ്ടായിരുന്ന മൂന്ന് കുട്ടികളടക്കം എട്ട് പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. നാന്ദേഡിലും സമാനമായ വാഹനാപകടം റിപ്പോർട്ട് ചെയ്തു. രാവിലെ ഏഴ് മണിയോടെയാണ് പാസഞ്ചർ വാനും ട്രക്കും കൂട്ടിയിടിച്ചത്. അപകടത്തിൽ ആറ് പേർ മരിച്ചു. എട്ട് പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് അപകടങ്ങളിലെയും മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം നൽകുമെന്ന് അറിയിച്ചു. മഹാരാഷ്ട്രയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ രണ്ട് അപകടങ്ങളും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകടങ്ങളുടെ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



