രണ്ട് ഫോണുകൾ, രാഹുൽ മാങ്കൂട്ടത്തിന്റെ ഫോണിന്റെ പാസ്വേഡ് നൽകണം… ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി: ബലാത്സംഗ കേസിൽ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന്റെ ഫോണിന്റെ പാസ്വേഡ് അന്വേഷണസംഘത്തിന് നൽകണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പാസ്വേഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും അല്ലാത്തപക്ഷം ഭരണഘടനാപരമായ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഫോണിന്റെ പാസ്വേഡ് നൽകണമെന്ന ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച അപ്പീലിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ ഭരണഘടനാപരമായ പരിരക്ഷ ബാധകമാണോയെന്ന് പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.
തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകൾ അന്വേഷണസംഘം പിടിച്ചെടുത്തത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഫോണുകൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിനായി പാസ്വേഡ് ലഭ്യമാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാസ്വേഡ് നൽകണമെന്ന ഉത്തരവിനെ ചോദ്യം ചെയ്താണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഫോണിന്റെ പാസ്വേഡ് നൽകാൻ പ്രതിയെ നിർബന്ധിക്കാനാകുമോ, ഭരണഘടനാപരമായ പരിരക്ഷ ഇതിന് തടസ്സമാകുമോ തുടങ്ങിയ നിയമപ്രശ്നങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ നിയമപരമായ അഭിപ്രായം തേടുന്നതിനായാണ് അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. അമിക്കസ് ക്യൂറിയുടെ അഭിപ്രായവും നിയമവശങ്ങളും പരിഗണിച്ചായിരിക്കും വിഷയത്തിൽ തുടർനടപടികൾ.



