ധനരാജ് വധക്കേസ്… മൂന്ന് പ്രതികൾക്ക് ഇരട്ട പ്രഹരം… ജീവപര്യന്തവും….

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായിരുന്ന സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. ടി പി ബിജു, എം വൈശാഖ്, എം വിപിൻ എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികൾ അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ആകെ 15 ലക്ഷം രൂപ പിഴയായി ഈടാക്കി ധനരാജിന്റെ കുടുംബത്തിന് നൽകാനാണ് കോടതി ഉത്തരവ്. ധനരാജിന്റെ കുടുംബത്തിന് അർഹമായ ധനസഹായം ലഭ്യമാക്കുന്നതിനായി ലീഗൽ സർവീസസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ശിക്ഷിക്കപ്പെട്ട എം വൈശാഖും എം വിപിനും സഹോദരങ്ങളാണ്.
കേസിൽ ആകെ 20 പേരായിരുന്നു പ്രതികൾ. ഇതിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മറ്റ് 16 പ്രതികളെ കഴിഞ്ഞ ദിവസം കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ചൂരക്കാട് ബിജു എന്നയാളാണ് രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്താണ് കേസിൽ വിധി പ്രസ്താവിച്ചത്. 2016 ജൂലൈ 11ന് രാത്രിയായിരുന്നു പയ്യന്നൂരിനെ നടുക്കിയ സി വി ധനരാജിന്റെ കൊലപാതകം. വഴിയരികിൽ മറഞ്ഞിരുന്ന ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികൾ ധനരാജിനെ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ധനരാജ് ഓടിയെങ്കിലും അക്രമികൾ പിന്തുടർന്നു. വീടിന്റെ പിൻഭാഗത്ത് വെച്ചും വീണ്ടും വെട്ടിവീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കൺമുന്നിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഒൻപത് വർഷത്തിലേറെ നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.



