യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചത് ജോലി വാ​ഗ്ദാനം ചെയ്ത്: രണ്ട് ടിവികെ നേതാക്കൾ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലെ രണ്ട് പ്രാദേശിക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. ടിവികെ തൂത്തുക്കുടി വെസ്റ്റ് വിങ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യവും രാമനാഥപുരം ജില്ലാ ഭാരവാഹിയായ ജയബാലുമാണ് പിടിയിലായത്.

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേന്നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. കാറിൽ യാത്ര ചെയ്യുന്നതിനിടെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

യുവതി ശ്രീവൈകുണ്ഠം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് പാളയംകോട്ട ജയിലിലേക്ക് മാറ്റി.

സ്ത്രീസുരക്ഷയെ പ്രധാന രാഷ്ട്രീയ വിഷയമാക്കി ഡിഎംകെ സർക്കാരിനെതിരെ പ്രചാരണം നടത്തിയ ടിവികെയ്ക്ക് ഈ സംഭവം വലിയ തിരിച്ചടിയായിരിക്കുകയാണ്. ഡിഎംകെയെ കുറ്റപ്പെടുത്തുന്നതിന് പകരം മുഖ്യമന്ത്രിയായ വിജയ് തന്റെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി എംപി പറഞ്ഞു. സംഭവത്തെ തുടർന്ന് വിജയിക്കും ടിവികെയ്ക്കുമെതിരായ രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകുകയാണ്.

Related Articles

Back to top button