തൃണമൂൽ കോൺഗ്രസ് മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു…..

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ ആകെ ഉലച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസിൽ കടുത്ത ആഭ്യന്തര ഭിന്നതയും പിളർപ്പും രൂക്ഷമാകുന്നു. പാർട്ടിയിലെ തർക്കങ്ങൾ അനിയന്ത്രിതമായതോടെ തൃണമൂൽ കോൺഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും അടിയന്തിരമായി പിരിച്ചുവിട്ടതായി പാർട്ടി നേതൃത്വം അറിയിച്ചു. പോഷക സംഘടനകളെയും പൂർണ്ണമായി പിരിച്ചുവിട്ടിട്ടുണ്ട്. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പാർട്ടി ഈ നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.
എല്ലാ തലങ്ങളിലും വിശദമായ ആത്മപരിശോധനയും വിലയിരുത്തലും നടത്തിയ ശേഷം മാത്രമേ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുകയുള്ളൂവെന്ന് നേതൃത്വം അറിയിച്ചു. പാർട്ടി സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ വെല്ലുവിളികളെ പുതിയ വീര്യത്തോടെ നേരിടാൻ സജ്ജമാക്കുന്നതിനും വേണ്ടിയാണ് ഈ കടുത്ത നടപടിയെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പ്രമുഖ നിയമസഭാംഗം ഋതബ്രത ബാനർജിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് 58 ഓളം ടി.എം.സി എം.എൽ.എമാർ നിയമസഭാ സ്പീക്കറെ സമീപിച്ച് മണിക്കൂറുകൾക്കകമാണ് പാർട്ടി കമ്മിറ്റികൾ മുഴുവൻ പിരിച്ചുവിട്ടുകൊണ്ടുള്ള മമത ബാനർജിയുടെ അടിയന്തിര നീക്കമുണ്ടായത്.
പാർട്ടി പുറത്താക്കിയ ഋതബ്രത ബാനർജിയെ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവാക്കാൻ ലക്ഷ്യമിട്ടാണ് വിമത എം.എൽ.എമാരുടെ പ്രധാന കരുനീക്കം. പാർട്ടിയെ ഔദ്യോഗികമായി പിളർത്തി മറ്റൊരു ‘യഥാർത്ഥ ടി.എം.സി’ വിഭാഗം രൂപീകരിക്കാനാണ് അണിയറയിൽ ചർച്ചകൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി കൊൽക്കത്തയിലെ എം.എൽ.എ ഹോസ്റ്റലുകളിലും പ്രമുഖ ഹോട്ടലുകളിലുമായി വിമത നേതാക്കൾ രഹസ്യ യോഗങ്ങൾ ചേർന്നതായാണ് റിപ്പോർട്ടുകൾ. ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന അമ്പതിലധികം എം.എൽ.എമാരുടെ ഒപ്പുകൾ ഇതിനകം തന്നെ വിമത ക്യാമ്പ് ശേഖരിച്ചുകഴിഞ്ഞു. ഈ പിന്തുണക്കത്ത് ഉടൻ തന്നെ നിയമസഭാ സ്പീക്കർക്ക് കൈമാറും. നിയമസഭയിൽ ഭൂരിപക്ഷമുള്ള തങ്ങളാണ് യഥാർത്ഥ ഔദ്യോഗിക ടി.എം.സി വിഭാഗം എന്ന അവകാശവാദവും ഇവർ സ്പീക്കറെ അറിയിക്കും.
നേരത്തെ, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെ നിയമിച്ച് കൊണ്ട് ടി.എം.സി ഔദ്യോഗികമായി നൽകിയ കത്തിൽ സ്പീക്കർ ഇതുവരെ അന്തിമ തീരുമാനം എടുക്കാതിരുന്നതാണ് വിമതർക്ക് കരുത്തായത്. പാർട്ടിക്കുള്ളിലെ ഭിന്നത എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന സംഭവങ്ങൾ. തങ്ങളുടെ പ്രമുഖ നേതാക്കൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പാർട്ടി അധ്യക്ഷ മമത ബാനർജി നേരിട്ട് നടത്തിയ വൻ റാലിയിൽ പങ്കെടുക്കാൻ എത്തിയത് വെറും 8 എം.എൽ.എമാർ മാത്രമാണ്. ഇതോടെ മമത ബാനർജിക്ക് പാർട്ടിക്കുള്ളിലെ സ്വാധീനം നഷ്ടപ്പെടുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.



