ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്….. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗവുമായ വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ അറസ്റ്റിലായ പ്രതിയാണ് വിജയ് വിമൽ.

കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായ വിജയ് വിമലിനെ പുല്ലുവിളയിലുള്ള ഇയാളുടെ വീട്ടിൽ നിന്നും അതീവ രഹസ്യമായി പുലർച്ചെയോടെ സിറ്റി ഷാഡോ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിജയ് വിമലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇതുവരെ പോലീസിന്റെ പിടിയിലായ പ്രതികളുടെ ആകെ എണ്ണം 26 ആയി ഉയർന്നു. അതിനിടെ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിന്റെ വീട്ടിൽ പുലർച്ചെ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ കടുത്ത പ്രതിഷേധവുമായി സി.പി.ഐ.എം, എസ്.എഫ്.ഐ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ തലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ വിജയ് വിമൽ നേരിട്ട് പങ്കാളിയായിരുന്നില്ലെന്നാണ് എസ്.എഫ്.ഐ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. രാഷ്ട്രീയ പ്രേരിതമായാണ് പോലീസ് ഈ കേസിൽ ജില്ലാ പ്രസിഡന്റിനെ പ്രതി ചേർത്തതെന്നും ഇടതുപക്ഷ നേതൃത്വം ആരോപിക്കുന്നു. എന്നാൽ കേസിൽ വിജയ് വിമലിന് കൃത്യമായ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം.

Related Articles

Back to top button