ട്രാവലറിനെ കളിയാക്കിയതിന് പ്ലസ് വൺ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി….

കൊല്ലം: വാഹനത്തെ പരിഹസിച്ചെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥികളെ സ്കൂൾ മുറ്റത്ത് നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊല്ലം കുഴുമതിക്കാട് സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ എഴുകോൺ പോച്ചക്കോണം സ്വദേശിയായ വരുൺ (19) എന്നയാളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. ചീരങ്കാവ് ‘കിലുക്കം ട്രാവൽ ഹബ്ബ്’ എന്ന സ്ഥാപനത്തിന്റെ ട്രാവലർ മിനി ബസിനെ കുട്ടികൾ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ പുറത്തേക്ക് വരുമ്പോൾ ഈ മിനി ബസ് സ്കൂളിന് സമീപം പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കുട്ടികൾ ബസിന് അടുത്തേക്ക് എത്തിയതോടെ അതിലുണ്ടായിരുന്നവർ രണ്ടുപേരെയും ബലമായി പിടിച്ച് വണ്ടിക്കുള്ളിലേക്ക് വലിച്ചിഴച്ച് കയറ്റുകയായിരുന്നു. തുടർന്ന് വാഹനം മുന്നോട്ട് എടുക്കുകയും യാത്രയ്ക്കിടയിൽ കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അതിനുശേഷം കുഴുമതിക്കാട് പമ്പിന് സമീപം കുട്ടികളെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ വാഹനവുമായി കടന്നുകളയുകയായിരുന്നു. ബസ്സിൽ എട്ടോളം പേർ ഉണ്ടായിരുന്നതായാണ് വിവരങ്ങൾ. മർദ്ദനമേറ്റ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികളിലൊരാളായ വരുൺ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അക്രമത്തിന് ഉപയോഗിച്ച മിനി ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട, നിലവിൽ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button