തായ്ലൻഡ് യാത്ര ഇനി കൂടുതൽ എളുപ്പം….പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്…

കൊച്ചി: കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 25 മുതലാണ് പുതിയ സർവീസ് ആരംഭിച്ചത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10.15-ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 3.55-ന് ബാങ്കോക്കിൽ എത്തും. ബാങ്കോക്കിൽ നിന്നും തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.55-ന് പുറപ്പെട്ട് രാവിലെ 7.40-ന് കൊച്ചിയിൽ എത്തുന്ന തരത്തിലാണ് തിരികെയുള്ള സർവീസുകൾ. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കേരളത്തിൽ നിന്നും അവധിക്കാലം ആഘോഷിക്കാൻ തായ്ലാൻ്റിലേക്ക് പോകുന്ന നിരവധി വിനോദസഞ്ചാരികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് പുതിയ സർവീസ്. വിൻ്റർ ഷെഡ്യൂളിൻ്റെ ഭാഗമായി 150 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ പ്രതിദിനം 585 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. 105ലധികം വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.



