മൂന്നുവഷം മുമ്പ് പീഡനത്തിനരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു; തൃണമൂൽ കൗൺസിലർ മുഹമ്മദ് ജാസിമുദ്ദീൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കൗൺസിലർ മുഹമ്മദ് ജാസിമുദ്ദീനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിലെ 39-ാം വാർഡ് (ജൊരസങ്കോ) കൗൺസിലറായ ഇയാളെ ഞായറാഴ്ച ഉച്ചയോടെയാണ് ജൊരസങ്കോ പൊലീസും കേന്ദ്രസേനയും ചേർന്ന് വീട്ടിൽ നിന്ന് പിടികൂടിയത്. ബംഗാളിൽ ഭരണം മാറിയതിനു ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ തൃണമൂൽ കൗൺസിലറാണ് ഇയാൾ.
ആറ് മണിക്കൂർ നീണ്ട നാടകീയത
ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ പൊലീസ് സംഘം ജാസിമുദ്ദീന്റെ വീട് വളഞ്ഞെങ്കിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ആറ് മണിക്കൂറോളം വാതിൽ തുറക്കാൻ കൗൺസിലർ തയാറായില്ല. ഒടുവിൽ ഉച്ചയോടെ പൊലീസ് വാതിൽ ബലമായി തുറന്ന് അകത്തുകയറിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജാസിമുദ്ദീനെ പുറത്തിറക്കിയതോടെ പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ ഉടലെടുത്തു. തൃണമൂൽ അനുഭാവ സംഘടനകൾ അറസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ, സ്ഥലത്തു തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ കൗൺസിലർക്കു നേരെ കോഴിമുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു.
ഭീഷണിയും പഴയ കേസും
മൂന്ന് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത സമയത്ത് പെൺകുട്ടിയെ ജാസിമുദ്ദീന്റെ അടുത്ത കൂട്ടാളികൾ പീഡിപ്പിച്ചിരുന്നു. നിലവിൽ കോളജ് വിദ്യാർഥിനിയായ ഈ പെൺകുട്ടിയെ കഴിഞ്ഞ ശനിയാഴ്ച കലബാഗൻ പ്രദേശത്ത് വച്ച് പ്രതികൾ വീണ്ടും ഉപദ്രവിക്കുകയും, പഴയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൊരസങ്കോ പൊലീസ് കൗൺസിലർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാത്രി തന്നെ ജാസിമുദ്ദീന്റെ അടുത്ത അനുയായിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാഷ്ട്രീയ പശ്ചാത്തലം
മുമ്പ് സി.പി.എം പ്രവർത്തകനായിരുന്ന മുഹമ്മദ് ജാസിമുദ്ദീൻ 2015-ലെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തുടർന്ന് തൃണമൂൽ ടിക്കറ്റിൽ രണ്ട് തവണ തുടർച്ചയായി ഇയാൾ കൗൺസിലറായി വിജയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




