ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതൽ….

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നിൽ യുവതി പ്രവേശത്തെ അനൂകുലിക്കുന്നവരുടെ വാദം ഇന്ന് മുതൽ.മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആയിരിക്കും യുവതി പ്രവേശന വിധിയെ പിന്തുണച്ച് ആദ്യം വാദിക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുന്ന് മെയ് നാലിന് ശേഷംമാത്രമേ സംസ്ഥാന സർക്കാരിന്റെ വാദം ഇനി നടക്കാൻ സാധ്യതയുള്ളു. യുവതി പ്രവേശന കേസിൽ ഏട്ട് ദിവസം കൊണ്ട് ഒമ്പതംഗ ബെഞ്ചിന് മുന്നിൽ വാദം പൂർത്തിയാക്കാനായിരുന്നു ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്. എന്നാൽ, ആഴത്തിലുള്ള നിയമവിഷയങ്ങൾ കൈകാര്യം ചെയ്ത് കേസിൽ യുവതി പ്രവേശത്തെ എതിർക്കുന്നവരുടെ വാദം ഒൻപത് ദിവസമാണ് നീണ്ടത്. ഇന്നലെ ഈ വാദം പൂർത്തിയായതോടെയാണ് ഇന്ന് മുതൽ പുനപരിശോധന ഹർജിയെ എതിർക്കുന്നവരുടെ വാദം തുടങ്ങുന്നത്.ബിന്ദു അമ്മിണിയ്ക്കും കനക ദുർഗയ്ക്കുമായി നേരത്തെ ശബരിമലക്കേസിൽ ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങാകും ആദ്യം ഇന്ന് വാദിക്കുക. 15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉൾപ്പെടെ അനൂകൂലിച്ച് വാദങ്ങൾ എഴുതി സമർപ്പിച്ചത്. അവിശ്വാസികളായവർ മതാചാരങ്ങളിൽ എന്തിന് കോടതികളെ സമീപിക്കുന്നു, പൊതുതാൽപര്യഹർജികളിലൂടെ ലക്ഷകണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരങ്ങൾ തെറ്റാണെന്ന് എങ്ങനെ പറയാനാകും തുടങ്ങിയ പ്രധാനപ്പെട്ട നീരീക്ഷണങ്ങൾ സുപ്രീംകോടതിയിൽ നിന്ന് കഴിഞ്ഞനാളുകളിലെ വാദത്തിനിടെ ഉണ്ടായിട്ടുണ്ട്.



