“ഇത് ആളുകൾക്ക് പറഞ്ഞു ചിരിക്കാനുള്ളതല്ല”… ‘അമ്മ’ വിവാദങ്ങളിൽ ഇടപെട്ട് രമേഷ് പിഷാരടി എം.എൽ.എ

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള ചേരിപ്പോരും ആരോപണ പ്രത്യാരോപണങ്ങളും പുതിയ തലത്തിലേക്ക് നീങ്ങവെ, വിഷയത്തിൽ ശക്തമായ ഇടപെടലുമായി നടനും എം.എൽ.എ-യുമായ രമേഷ് പിഷാരടി. സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങൾ പൊതുജനങ്ങൾ വിലയിരുത്തുന്ന തരത്തിലും ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന രീതിയിലും തെരുവിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പിഷാരടി കർശന നിർദ്ദേശം നൽകി. വിവാദങ്ങൾക്ക് കാരണക്കാരായ താരങ്ങളെ നേരിട്ട് വിളിച്ചാണ് രമേഷ് പിഷാരടി എം.എൽ.എ ഒത്തുതീർപ്പ് ചർച്ചകൾക്ക് തുടക്കമിട്ടത്.
സംഘടനയ്ക്കുള്ളിലെ പരസ്യമായ ഭിന്നത പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് രമേഷ് പിഷാരടി ആവശ്യപ്പെട്ടു. വിവാദങ്ങളിൽപ്പെട്ട അൻസിബ ഹസ്സൻ, ടിനി ടോം, ശ്വേത മേനോൻ എന്നിവരെ പിഷാരടി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. ടിനി ടോമിനോടും ശ്വേത മേനോനോടും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞ അദ്ദേഹം, എത്രയും പെട്ടെന്ന് ഒപ്പമിരുന്ന് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അൻസിബയ്ക്കെതിരെ ഉയർന്ന ‘ജിഹാദി’ പരാമർശം അതീവ ഗൗരവമുള്ളതാണെന്നും ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയിലെ പ്രശ്നങ്ങൾ ഭംഗിയായി പരിഹരിക്കാൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും പിഷാരടി കൂട്ടിച്ചേർത്തു.
ഭാരവാഹികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമായതിനാൽ രണ്ട് പേർക്ക് മാത്രമായി ഇപ്പോൾ പ്രശ്നപരിഹാരം ഉണ്ടാക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് സംഘടനയുള്ളത്. എങ്കിലും, ഭിന്നതകൾ തത്കാലം തണുപ്പിക്കുന്നതിന്റെ ഭാഗമായി നടി ശ്വേത മേനോനും കുക്കു പരമേശ്വരനും തമ്മിൽ സംസാരിച്ച് പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഘടനയിലെ മുതിർന്ന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നിലവിലെ സംഭവവികാസങ്ങളെല്ലാം അതീവ ശ്രദ്ധയോടെ അന്വേഷിക്കുന്നുണ്ടെങ്കിലും തത്കാലം ഈ വിഷയത്തിൽ പരസ്യമായി ഇടപെടേണ്ടതില്ല എന്ന കർശന നിലപാടിലാണ്. ഭാരവാഹികൾ തന്നെ പരസ്യമായി ചെളിവാരിയെറിയുന്ന പശ്ചാത്തലത്തിൽ, അടുത്ത മാസം ചേരുന്ന ‘അമ്മ’യുടെ നിർണായകമായ ജനറൽ ബോഡി യോഗത്തിൽ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടരണോ അതോ പിരിച്ചുവിടണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.



