മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് ഈടാക്കിയ പിഴത്തുക കൊണ്ട് 23 ലക്ഷത്തിന്‍റെ 2 വാഹനം വാങ്ങി തിരുവനന്തപുരം കോർപറേഷൻ…

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയലുൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിരിച്ചെടുത്ത പിഴത്തുകയിൽ നിന്ന് ഹെൽത്ത് സ്‌ക്വാഡിന് പുതിയ വാഹനങ്ങളെത്തിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. 23 ലക്ഷം രൂപ വിലവരുന്ന രണ്ട് വാഹനങ്ങളാണ് ഹെൽത്ത് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡിനായി വാങ്ങിയത്. മേയർ വി വി രാജേഷ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ഫണ്ടിലേക്ക് 2.53 കോടിയാണ് പിഴ ഇനത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ സമാഹരിച്ചത്.
മൂന്ന് ഷിഫ്റ്റുകളിലായി നടക്കുന്ന ഏഴ് സ്‌ക്വാഡുകൾക്കാണ് ഈ വാഹനങ്ങൾ നൽകിയത്. അതേസമയം, തലസ്ഥാനത്തെ മാലിന്യ സംസ്കരണം അവതാളത്തിലാക്കിയത് മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലെന്ന് മേയർ ആരോപിച്ചു. വികലമായ കാഴ്ചപ്പാട് മൂലമാണ് ഇതെല്ലം ഉണ്ടായത്. തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തെ മുഴുവൻ ഭയപാടിലാക്കി. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണ്. കെടുകാര്യസ്ഥതയായിരുന്നു മാലിന്യ പ്രശ്നത്തിന് പിന്നിലെന്നും ഇതിന് ശാശ്വതപരിഹാരം കാണുമെന്നും മേയർ പറഞ്ഞു.
കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്ന് വിമർശനം ഉന്നയിച്ച മന്ത്രി വി ശിവൻകുട്ടിക്കെതിരെ മേയർ വി വി രാജേഷ് കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. നഗരത്തിലെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ്. തിരുവനന്തപുരത്ത് മാത്രമല്ല, മാലിന്യ സംസ്കരണമെന്ന് കേൾക്കുമ്പോൾ സിപിഎം കേരളത്തെ മുഴുവൻ ഭയപ്പാടിലാക്കുന്ന തരത്തിലാണ് പ്രവർത്തിച്ചത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണെന്നും രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.



