മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം… ചേന്തി അനിൽ…

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ ചേന്തി അനിലിനെതിരെ നിരവധി കേസുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ശ്രീകാര്യം പൊലീസ് സ്റ്റേഷനിലാണ് ചേന്തി അനിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം തടഞ്ഞതെന്നും കാറിൽനിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ആരോപിക്കുന്നു.മുഖ്യമന്ത്രിയുടെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചേന്തി അനിലിനെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം, സംഭവത്തിൽ അറസ്റ്റിലായതിനു പിന്നാലെ ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനമായി. ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് നടപടിയെടുക്കുക. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും സസ്പെൻഷൻ.ശ്രീകാര്യത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിനെ തുടർന്നാണ് ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button