കായംകുളത്ത് എൺപതുകാരിയെ കൊലപ്പെടുത്തിയ സംഭവം….. സിലിണ്ടർ മാറ്റാൻ സഹായിക്കാനെത്തി, ലക്ഷ്യം സ്വർണം….. ഒടുവിൽ കൈയും കാലും കെട്ടി കായലിൽ തള്ളി

കായംകുളം: കനകക്കുന്നിൽ എൺപതുകാരിയായ തങ്കമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയത് ആഭരണങ്ങൾ കവരുന്നതിന് വേണ്ടിയാണെന്ന് പ്രതിയുടെ മൊഴി. സംഭവത്തിൽ തങ്കമ്മയുടെ അയൽവാസിയായ പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന് വേണ്ടിയാണ് താൻ ഈ കൊടുംക്രൂരത ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കായംകുളം കായലിൽ ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികൾ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തുന്നത്. കൈയും കാലും ബന്ധിച്ച്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
ഞായറാഴ്ച രാവിലെ വീട്ടിലെ ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തു വെയ്ക്കാൻ തങ്കമ്മ അയൽവാസിയായ പ്രകാശന്റെ സഹായം തേടിയിരുന്നു. ഇയാൾ സിലിണ്ടർ അകത്തുവെച്ച് മടങ്ങിയെങ്കിലും തങ്കമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും ഇവരുടെ കൈവശം സ്വർണ്ണമുണ്ടെന്നും മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി കനത്ത മഴയുള്ള സമയം നോക്കി പ്രകാശൻ വീണ്ടുമെത്തി. ഹാളിലിരുന്ന് ടിവി കാണുകയായിരുന്ന തങ്കമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. വൃദ്ധ താഴെ വീണതോടെ ഇവരുടെ കൈകളിലുണ്ടായിരുന്ന വളകളും മോതിരവും ഊരിയെടുത്തു. എന്നാൽ തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന മാലയും കാതിലുണ്ടായിരുന്ന കമ്മലും കനത്ത ഇരുട്ടിൽ പ്രതിക്ക് കണ്ടെത്താനായില്ല. കൊലപാതകത്തിന് ശേഷം തങ്കമ്മയുടെ തന്നെ കൈലിയും തോർത്തും ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ചു. തുടർന്ന് താൻ കരുതിയിരുന്ന കയർ ഉപയോഗിച്ച് നെഞ്ചിലും തലയിലും കാലിലും കനത്ത കല്ലുകൾ കെട്ടിവെച്ച ശേഷം മൃതദേഹം കായലിൽ തള്ളുകയായിരുന്നു.
തങ്കമ്മയുടെ വീടും സാഹചര്യങ്ങളും കൃത്യമായി അറിയാവുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സംശയം തോന്നിയ അഞ്ച് അയൽവാസികളെ പോലീസ് തുടർച്ചയായി ചോദ്യം ചെയ്തു. ഇതിൽ പ്രകാശന്റെ മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കേസിൽ അറസ്റ്റിലായ പ്രതി പ്രകാശനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ വിറ്റ കായംകുളത്തെ ജ്വല്ലറിയിലും തങ്കമ്മയുടെ വീട്ടിലും എത്തിച്ചാകും ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കുക.



