മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും… നുണപ്രചാരണങ്ങൾ തോറ്റു, കേരളം ജയിച്ചുവെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് നേടിയ അട്ടിമറി വിജയം വർഗ്ഗീയതയ്ക്ക് കീഴടങ്ങാത്ത മതേതര നിലപാടിന്റെ വിജയമാണെന്ന് വി.ഡി. സതീശൻ. സിപിഎമ്മിന്റെ ഉരുക്കുകോട്ടകൾ തകർന്നത് ഇടതുപക്ഷ സഹയാത്രികർ പോലും മാറ്റത്തിനായി യുഡിഎഫിനെ പിന്തുണച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലങ്ങളായി സിപിഎമ്മിന് വോട്ട് ചെയ്തിരുന്നവർ പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു. രാഷ്ട്രീയമായ ഈ വലിയ മാറ്റമാണ് എൽഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിൽ പോലും യുഡിഎഫ് തരംഗം സൃഷ്ടിച്ചത്. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ഇടത് കേന്ദ്രങ്ങൾ ശ്രമിച്ചത്. എകെജി സെന്ററിൽ നിന്നാണ് തന്റെ പിആർ വർക്കുകൾ നടന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഒരു ഡസനോളം നുണകൾ പ്രചരിപ്പിച്ച് തന്നെ ടാർഗറ്റ് ചെയ്തത് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അധികാരത്തിൽ എത്തുമ്പോൾ ഞങ്ങൾ ഒന്നും മറന്നിട്ടില്ല. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഏറ്റുവാങ്ങിയ മർദ്ദനങ്ങളും അവർ ഒഴുക്കിയ ചോരയും മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവർത്തനവും’ എല്ലാം നല്ല ഓർമ്മയുണ്ട്,” – സതീശൻ വ്യക്തമാക്കി.

യുഡിഎഫ് ചർച്ചകൾ ഉടൻ ആരംഭിക്കും. സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾ വലിയ സഹകരണമാണ് നൽകിയത്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button