നാടൻ നെൽവിത്തുകളുടെ കാവൽക്കാരൻ… ചെറുവയൽ രാമന് വിട

വയനാട്: പദ്മശ്രീ ജേതാവും പരമ്പരാഗത നാടൻ നെൽവിത്തുകളുടെ സംരക്ഷകനുമായ ചെറുവയൽ രാമൻ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വയനാടിന്റെ നെല്ലച്ഛൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ഗോത്രകർഷകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 2023-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമൻ, വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകൾ സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നൂറുവർഷങ്ങൾക്ക് മുമ്പ് വയനാട്ടിൽ കൃഷി ചെയ്തിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ മുപ്പതോളം ഇനങ്ങൾ അദ്ദേഹം കൃഷിയിലൂടെ നിലനിർത്തി.
1952-ൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് എടവക കമ്മനയിലാണ് ജനനം. കാർഷികവിജ്ഞാനമോ സസ്യശാസ്ത്രമോ ഔപചാരികമായി പഠിച്ചിട്ടില്ലാത്ത രാമൻ 17-ാം വയസ്സിലാണ് കൃഷിയിലേക്ക് ഇറങ്ങിയത്. പരമ്പരാഗത രീതികളിലൂടെ നെൽവിത്തുകൾ സംരക്ഷിച്ച അദ്ദേഹം വയനാടിന്റെ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനായി മാറി. വൈക്കോലും പുല്ലും മേഞ്ഞ പരമ്പരാഗത മൺവീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ലളിതമായ ജീവിതശൈലിയും കൃഷിയോടുള്ള ആത്മബന്ധവും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കി. 2026-ൽ കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരവും ചെറുവയൽ രാമന് ലഭിച്ചിരുന്നു. നാടൻ നെൽവിത്തുകളുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിത്വത്തിന്റെ വിയോഗം കേരളത്തിന്റെ കാർഷികമേഖലയ്ക്ക് വലിയ നഷ്ടമാണ്.



