കേരളത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി ഇന്നറിയാം; ധവളപത്രം ഇന്ന് നിയമസഭയിൽ

കേരളത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതിയും ബാധ്യതകളും വ്യക്തമാക്കുന്ന ധവളപത്രം സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ധവളപത്രത്തിന് ഔദ്യോഗികമായി അംഗീകാരം നൽകും. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ച് വിശദാംശങ്ങൾ സഭയെ അറിയിക്കും.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പഠിക്കാൻ സർക്കാർ നിയോഗിച്ച കെ.എം. ചന്ദ്രശേഖർ സമിതിയുടെ റിപ്പോർട്ടാണ് ധവളപത്രമായി സഭയിൽ വരുന്നത്. ഈ സമിതിയുടെ കണ്ടെത്തലുകളും നിർദേശങ്ങളുമായിരിക്കും വരാനിരിക്കുന്ന വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിന്റെ ദിശാസൂചിക.

ധവളപത്രത്തിലെ പ്രധാന ഉള്ളടക്കങ്ങൾ:
കഴിഞ്ഞ 10 വർഷത്തെ വിനിയോഗം: മുൻ സർക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക നീക്കിയിരുപ്പുകളും ബാധ്യതകളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തും.

നികുതി പിരിവിലെ വീഴ്ചകൾ: നികുതി പിരിവിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ വലിയ വീഴ്ചകൾ വ്യക്തമാക്കും.

കേന്ദ്ര സഹായം: കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ കൃത്യമായ കണക്കുകളും അവയുടെ വിനിയോഗവും വിശദീകരിക്കും.

കിഫ്ബിയിൽ പൊളിച്ചെഴുത്ത്: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുൻ സർക്കാർ വലിയ തോതിൽ ആശ്രയിച്ചിരുന്ന കിഫ്ബിയുടെ ഘടനയിലും പ്രവർത്തനത്തിലും കാര്യമായ മാറ്റങ്ങൾ നിർദേശിച്ചേക്കും.

സഭയിൽ പോരാട്ടം മുറുകും: സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിസ്മയിപ്പിക്കുന്ന വിവരങ്ങളടങ്ങുന്ന ധവളപത്രം വരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ “ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാൻ നോക്കേണ്ട” എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകിയതോടെ ഇന്നത്തെ നിയമസഭാ സമ്മേളനം കടുത്ത ഭരണ-പ്രതിപക്ഷ വാക്പോരിനും പ്രക്ഷുബ്ധമായ രംഗങ്ങൾക്കും വേദിയാകുമെന്ന് ഉറപ്പാണ്.

കെ.എസ്.ആർ.ടി.സി സ്ത്രീകളുടെ സൗജന്യ യാത്ര: മന്ത്രിസഭയിൽ തർക്കം?
ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്ര എങ്ങനെ നടപ്പാക്കുമെന്നത് ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജണ്ടയാണ്.

മന്ത്രിയുടെ നിലപാട്: ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം സൗകര്യം ഏർപ്പെടുത്തിയാൽ മതിയെന്ന് വകുപ്പ് മന്ത്രി.

മുഖ്യമന്ത്രിയുടെ നിർദേശം: ഓർഡിനറിക്ക് പുറമെ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കിയാൽ പ്രതിമാസം 80 മുതൽ 90 കോടി രൂപ വരെ കെ.എസ്.ആർ.ടി.സിക്ക് അധിക ബാധ്യത വരും. ഇതിനായുള്ള വരുമാന സ്രോതസ് കണ്ടെത്തുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ വിശദമായ ചർച്ച നടക്കും.

നവീൻ ബാബു മരണം: സി.ബി.ഐ അന്വേഷണത്തിന് സാധ്യത
കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷണത്തിന് വിടുന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

Related Articles

Back to top button