ശബരിമലയിൽ സ്വർണ്ണക്കൊള്ളയ്ക്ക് വർഷങ്ങളുടെ പഴക്കം… തന്ത്രിയറിയാതെ കൊടിമരത്തിൽ പെയിന്റടിച്ചു…. വിജിലൻസ് റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ സ്വർണ്ണത്തട്ടിപ്പിന് സമാനമായ ക്രമക്കേടുകൾ മുൻപും നടന്നിട്ടുണ്ടെന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 2012-ൽ തന്ത്രിയോ ദേവസ്വം ബോർഡോ അറിയാതെ ശബരിമലയിലെ സ്വർണ്ണക്കൊടിമരത്തിൽ സ്വർണ്ണ പെയിന്റ് അടിച്ചതുൾപ്പെടെയുള്ള ഗുരുതരമായ ആചാരലംഘനങ്ങളുടെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2011 ഡിസംബറിൽ മണ്ഡലപൂജ കഴിഞ്ഞ് നട അടച്ച സമയത്ത് കൊടിമരത്തിന്റെ ചുവട്ടിലും അഷ്ടദിക്പാലക പ്രതിഷ്ഠകളിലും സ്വർണ്ണനിറത്തിലുള്ള പെയിന്റ് സ്പ്രേ ചെയ്തു. ഇത് ഗുരുതരമായ ആചാരലംഘനമാണെന്ന് 2013-ൽ അന്നത്തെ വിജിലൻസ് എസ്പി സി.പി. ഗോപകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ചെന്നൈയിലെ കുമരൻ സിൽക്സിനെ സ്പോൺസറായി എത്തിച്ച് അന്നത്തെ ദേവസ്വം ഉദ്യോഗസ്ഥരാണ് ഈ പ്രവൃത്തി ചെയ്യിച്ചത്. ബോർഡിന്റെ അനുമതിയില്ലാതെയായിരുന്നു ഈ നീക്കം.
ശബരിമലയുടെ പേരിൽ സ്പോൺസർമാർ അന്യസംസ്ഥാനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിക്കാറുണ്ടെന്നും, അതിൽ ചെറിയൊരു പങ്ക് മാത്രം ശബരിമലയ്ക്കായി ചിലവഴിച്ച് ബാക്കി തുക ഉദ്യോഗസ്ഥരും സ്പോൺസർമാരും ചേർന്ന് വീതം വയ്ക്കുകയാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തെങ്കിലും അധികൃതർ അത് അവഗണിച്ചു. ഈ അനാസ്ഥയാണ് പിന്നീട് ഉണ്ണികഷ്ണൻ പോറ്റിയെപ്പോലെയുള്ളവർക്ക് തട്ടിപ്പ് നടത്താൻ വളമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.




