പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈയിൽ…

കോട്ടയം: പിണറായി വിജയനെതിരായ കേസിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. കേസെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ തങ്ങൾ വേറെ പണി നോക്കിക്കോളാമെന്നും ഷോൺ ജോർജ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈകളിലാണെന്നും ഷോൺ ജോർജ് ആരോപിച്ചു.
സർക്കാർ സഹായിച്ചാൽ സർക്കാരിനെതിരായ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് നിശബ്ദനാകുമെന്നും അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നത് സംശയകരമാണെന്നും ഷോൺ ജോർജ് പറഞ്ഞു. പിണറായി വിജയൻ സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നും ഉളുപ്പുണ്ടെങ്കിൽ രാജിവെക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. പിണറായിക്കെതിരായ കേസിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ സമാനമായ കേസുകളിൽ പ്രതികളായ കമ്മ്യൂണിസ്റ്റുകാരെ ഉൾപ്പെടുത്തി ‘കൺസോർഷ്യം’ ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് ഷോൺ ജോർജ് പരിഹസിച്ചു. സമാന കേസുകളിൽ പ്രതികളായവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ അഡ്മിനാകാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ സ്വീകരിച്ച നിയമനടപടിയെയും ഷോൺ ജോർജ് വിമർശിച്ചു. അന്ന് വിജിലൻസ് കേസ് ആയിരുന്നില്ല വേണ്ടിയിരുന്നതെന്നും മാത്യു കുഴൽനാടൻ മാത്രമാണ് കോൺഗ്രസിൽ വിഷയത്തിൽ വൈകാരികമായി പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ പിണറായി വിജയനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകിയ പശ്ചാത്തലത്തിലാണ് ഷോൺ ജോർജിന്റെ പ്രതികരണം. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരേ ഉടൻ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഷോൺ ജോർജ് നേരത്തെയും ആവശ്യപ്പെട്ടിരുന്നത്.



