ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടി

തിരുവനന്തപുരം: മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ജീവൻ വെടിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് നടൻ മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയിലൂടെയാണ് രാജേഷിന്റെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 40,000 പേരുടെ ലോകവ്യാപക രക്തദാന ക്യാമ്പയിന്റെ ഭാഗമായി എംജിഎം ഗ്രൂപ്പിലെ 7,500 വിദ്യാർഥികൾ പങ്കെടുക്കുന്ന ‘ജീവാമൃതം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. കണ്ണൂർ ചെറുപുഴപ്പുഴയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 36-കാരനായ രാജേഷ് അപകടത്തിൽപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ വിയോഗത്തോടെ ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബം കടുത്ത പ്രതിസന്ധിയിലായിരുന്നു. രാജേഷിന്റെ ഭവനം സന്ദർശിച്ച രമേശ് ചെന്നിത്തല കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയശേഷം എംജിഎം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ വൈസ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനുമായി കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു.
തുടർന്ന് വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, കുട്ടികളുടെ പഠനം പൂർണമായും ഏറ്റെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. ‘വിദ്യാമൃതം’ പദ്ധതിയിലൂടെ എംജിഎം ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നഴ്സറി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ കുട്ടികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ സൗജന്യമായി പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കുട്ടികൾ പഠിക്കാൻ ആഗ്രഹിക്കുന്ന കാലയളവിൽ ഈ സഹായം തുടരുമെന്നും പദ്ധതിയുടെ ഭാഗമായി വ്യക്തമാക്കുന്നു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി അടിയന്തരമായി ഇടപെട്ട മമ്മൂട്ടിയെയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനെയും എംജിഎം ഗ്രൂപ്പിനെയും രമേശ് ചെന്നിത്തല അഭിനന്ദിച്ചു.



