കെജി മുതൽ പിജി വരെ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി ഒഡീഷയിലെ ബിജെപി സർക്കാർ…. നീറ്റ് പരീക്ഷാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര

രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് മാതൃകയായി ചരിത്രപരമായ പ്രഖ്യാപനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ. സംസ്ഥാനത്തെ അങ്കണവാടി/കെജി തലം മുതൽ പോസ്റ്റ് ഗ്രാജ്വേഷൻ (പിജി) വരെയുള്ള വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രഖ്യാപിച്ചു. ബിജെപി സർക്കാർ അധികാരമേറ്റ് രണ്ട് വർഷം തികയുന്ന വേളയിലാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉണർവേകുന്ന ഈ വലിയ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. ഇതോടെ രാജ്യത്ത് ആദ്യമായി ‘അംഗൻവാടി മുതൽ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി.

സംസ്ഥാനത്തെ സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെയുള്ള മുഴുവൻ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനി മുതൽ വിദ്യാർത്ഥികൾക്ക് യാതൊരുവിധ ഫീസും നൽകേണ്ടതില്ല. സർക്കാരിന്റെ ഈ പുതിയ തീരുമാനം ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും, പെൺകുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ മുൻഗണന നൽകുന്നത്. നീറ്റ് പരീക്ഷ എഴുതുന്നവർക്ക് സൗജന്യ ബസ് യാത്ര വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് പുറമെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ‘ഗ്രീൻ പാസേജ് സ്കീം’ ഒഡീഷയിൽ മുൻപ് തന്നെ നിലവിലുണ്ട്. ഇതിലൂടെ അർഹരായ കുട്ടികൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ താമസം, ഭക്ഷണം എന്നിവ പൂർണ്ണമായും സൗജന്യമായി ലഭിക്കുന്നുണ്ട്. “ഇത് സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും വലിയ രീതിയിൽ പ്രയോജനം ചെയ്യും. വിദ്യാഭ്യാസ മേഖലയിൽ ഇത്തരമൊരു വിപ്ലവകരമായ നടപടി രാജ്യത്തുടനീളം ആദ്യമായായിരിക്കും ഒരു സംസ്ഥാനം നടപ്പിലാക്കുന്നത്. ഈ തീരുമാനം ഒഡീഷയിലെ യുവാക്കളുടെ അടിത്തറ ശക്തിപ്പെടുത്തുകയും ദീർഘകാല വികസനത്തിന് സംഭാവന നൽകുകയും ചെയ്യും.” മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. വരും ദിവസങ്ങളിൽ ഒഡീഷയെ കിഴക്കൻ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ തലസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി ഒഡീഷയിൽ നാല് പുതിയ സർവകലാശാലകൾ കൂടി വരുമെന്നും ഗ്രാമപ്രദേശങ്ങളിൽ 18 പുതിയ സർക്കാർ കോളേജുകൾ ഇതിനകം തുറന്നിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Related Articles

Back to top button