സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പി.കെ. ശശി ഭീഷണിപ്പെടുത്തിയെന്ന് പരാതി… ഫോൺ റെക്കോർഡ് പുറത്ത്

പാലക്കാട്: തനിക്കെതിരെ ശബ്ദിച്ചാൽ കണ്ണ് അടിച്ചുപൊട്ടിക്കുമെന്നും കയ്യും കാലും വെട്ടിക്കളയുമെന്നും മുൻ എം.എൽ.എ പി.കെ. ശശി ഭീഷണിപ്പെടുത്തിയതായി പരാതി. സിപിഐഎം മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനാണ് പി.കെ. ശശിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഭീഷണിയുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പോലീസ് എന്നിവർക്ക് മണികണ്ഠൻ പരാതി നൽകി. ഫോൺ വിളിച്ചായിരുന്നു ഭീഷണിയെന്ന് മണികണ്ഠന്റെ പരാതിയിൽ പറയുന്നു.
“എനിക്കെതിരെ ശബ്ദിച്ചാൽ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും. നിന്റെ കയ്യും കാലും വെട്ടിക്കളയും. അതിനുള്ള ആളുകളെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്, കരുതിയിരുന്നോ…” – എന്നാണ് പി.കെ. ശശി ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു. പി.കെ. ശശിയുടെ വീടുൾപ്പെടുന്ന ബ്രാഞ്ചാണ് നായാടിപ്പാറ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ബ്രാഞ്ചിൽ വോട്ട് കുറഞ്ഞിരുന്നു. ഇതാണ് ഭീഷണിക്ക് കാരണമായതെന്നാണ് സൂചന. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പി.കെ. ശശിയെ കഴിഞ്ഞ ദിവസങ്ങളിൽ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. അതിനു മുൻപായി അദ്ദേഹത്തെ നായാടിപ്പാറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. പാർട്ടിയിൽ നിന്ന് പുറത്തായതിന് പിന്നാലെ യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് നിന്നും പി.കെ. ശശി മത്സരരംഗത്ത് ഇറങ്ങിയിരുന്നു. സംഭവത്തിൽ നാട്ടുകൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




