‘ബാക്ക് ടയർ ഇളകുന്നുണ്ട്…. നട്ട് ലൂസാണ്’…. കോഴിക്കോട് സ്കൂട്ടറോടിച്ച് പോയ പെൺകുട്ടിയെ പേടിപ്പിച്ച് വണ്ടി നിർത്തിച്ചു….. പീഡിപ്പിക്കാൻ ശ്രമം

കോഴിക്കോട്: യാത്രയ്ക്കിടെ സ്കൂട്ടർ തകരാറിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കല്ലായി മുഖദാർ സ്വദേശി അജ്മൽ ബിലാൽ (24) പിടിയിലായി. ചെമ്മങ്ങാട് പോലീസ് ചുള്ളിക്കാട് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ പിന്നാലെ മറ്റൊരു സ്കൂട്ടറിലെത്തിയ പ്രതി, ടയർ ഇളകുന്നുണ്ടെന്നും നട്ട് ലൂസാണെന്നും പറഞ്ഞ് വാഹനം നിർത്തിച്ചു. വർക്ക്ഷോപ്പ് കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ തടഞ്ഞത്. വാഹനം നിർത്തിയതോടെ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട് സ്കൂട്ടറുമായി പോയ പെൺകുട്ടിയെ പിന്തുടർന്ന് വീണ്ടും വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കാൻ മുതിർന്നു. പെൺകുട്ടി ബഹളം വെച്ചതോടെ ആളുകൾ ഓടിക്കൂടുകയും പ്രതി രക്ഷപ്പെടുകയുമായിരുന്നു.
കോഴിക്കോട്ടെ വിവിധ സ്റ്റേഷനുകളിലായി മോഷണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, മയക്കുമരുന്ന് ഉപയോഗം, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അജ്മൽ ബിലാൽ. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് ഇയാളെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് രഹസ്യമായി ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടിയെ ആക്രമിച്ചത്. ചെമ്മങ്ങാട് പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



