കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ്

എറണാകുളം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷൻ നടപടിക്കെതിരെ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ സമരപ്പന്തലിലെത്തി. വിദ്യാർഥികളുടെ അനിശ്ചിതകാല നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് നേരിട്ടെത്തി പിന്തുണ അറിയിച്ചത്. വിദ്യാർഥികൾക്കൊപ്പമാണ് നാടെന്നും സസ്പെൻഷനിലൂടെ കുട്ടികളുടെ ഭാവി നശിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ നടപടി തിരുത്തേണ്ടിവരും. തിരുത്തുന്നതുവരെ സമരം തുടരുമെന്നും സമരത്തിന് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

വൈസ് ചാൻസലർക്കെതിരെ രൂക്ഷമായ വിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്. നുണകൾ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും വൈദഗ്ധ്യമുള്ളവരാണ് ആർഎസ്എസുകാരെന്നും വൈസ് ചാൻസലർ അവരുടെ ഇഷ്ടതോഴിയായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥികൾ വൈസ് ചാൻസലറുടെ ശവദാഹം നടത്തിയെന്ന പരാതി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയിൽ അവതരിപ്പിച്ച നാടകവുമായി ബന്ധപ്പെട്ട് അന്നോ തൊട്ടടുത്ത ദിവസമോ പരാതിയുണ്ടായിരുന്നില്ല. ദിവസങ്ങൾക്കുശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ആസൂത്രിത നീക്കമുണ്ടായതെന്നാണ് പിണറായി വിജയന്റെ ആരോപണം. അന്നത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും വൈസ് ചാൻസലറും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കള്ളപ്പരാതി സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. കേരളത്തിൽ വൈസ് ചാൻസലർ എന്നത് വലിയ ആദരവ് അർഹിക്കുന്ന പദവിയാണ്.

എന്നാൽ വിദ്യാർഥികളോട് ശത്രുത പുലർത്തുന്നവരെ അധ്യാപകരായി കാണാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന സർക്കാരിനെതിരെയും പിണറായി വിജയൻ രംഗത്തെത്തി. വിദ്യാർഥികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെങ്കിലും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ ആ ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യം നുണകൾ സ്വീകരിക്കപ്പെട്ടേക്കാമെങ്കിലും യഥാർഥ വസ്തുതകൾ പുറത്തുവരുമ്പോൾ അതിന് ആയുസ്സുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും അനാവശ്യ പിടിവാശിയാണ് വിദ്യാർഥികളുടെ സസ്പെൻഷൻ നീളാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാലയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചതും വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, സർക്കാരിന്റെ സമീപനം തിരുത്തണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button