ആലപ്പുഴയുടെ ഒരേയൊരു വനത്തിന് കാവലില്ല…. വണ്ടാനം കാവ് പരിസരം മാലിന്യക്കൂമ്പാരമായി…. അധികൃതർക്ക് നിസ്സംഗതയെന്ന് ആക്ഷേപം

അമ്പലപ്പുഴ: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയോട് ചേർന്ന്, ആലപ്പുഴ ജില്ലയിലെ ഏക വനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വണ്ടാനം കാവിന്റെ പരിസരപ്രദേശം കടുത്ത മാലിന്യഭീഷണിയിൽ. വണ്ടാനം കാവിനോട് ചേർന്നുള്ള ഭാഗങ്ങളിൽ വൻതോതിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് പ്രദേശമാകെ കടുത്ത ദുർഗന്ധം വമിക്കുന്നതിനും പകർച്ചവ്യാധി ഭീതിക്കും കാരണമായിരിക്കുകയാണ്. ഇതോടെ കാൽനടയാത്രക്കാരും നാട്ടുകാരും കടുത്ത ദുരിതത്തിലായി.

വലിയ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി കെട്ടിയ നിലയിലാണ് ഇവിടെ വ്യാപകമായി മാലിന്യം തള്ളുന്നത്. രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധർ ഈ പ്രദേശം മാലിന്യനിക്ഷേപ കേന്ദ്രമാക്കുന്നത്. ഹോട്ടലുകൾ, ബേക്കറികൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾക്കൊപ്പം ഇറച്ചി-മത്സ്യ മാലിന്യങ്ങളും വിവാഹ സൽക്കാരങ്ങളിൽ നിന്ന് ബാക്കിവരുന്ന ഭക്ഷണപദാർത്ഥങ്ങളുമാണ് ഇവിടെ പ്രധാനമായും തള്ളുന്നത്. ഇതിന് പുറമെ ചില്ലുകൾ, പൊട്ടിയ പാത്രങ്ങൾ, കോഴി മാലിന്യം, മുടി എന്നിവയും ഇക്കൂട്ടത്തിലുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിക്കുന്ന അടുക്കള മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ റോഡരികിൽ ചിതറിക്കിടക്കുകയാണ്. ഇത് ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇവിടെ തമ്പടിക്കുന്നത് സർവീസ് റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. നായ്ക്കൾ കാൽനടയാത്രക്കാരെ ആക്രമിക്കുന്നത് ഇപ്പോൾ ഈ പ്രദേശത്ത് പതിവായിരിക്കുകയാണ്.

ആലപ്പുഴ മെഡിക്കൽ കോളജിലെ നൂറുകണക്കിന് വിദ്യാർത്ഥികളും ജീവനക്കാരും രോഗികളും അതുപോലെ തന്നെ വണ്ടാനം കാവിലെത്തുന്ന ഭക്തരും നിരന്തരം ആശ്രയിക്കുന്ന പ്രധാന സർവീസ് റോഡാണിത്. പ്രകൃതിഭംഗിയും പ്രധാന്യവുമുള്ള വണ്ടാനം കാവിന്റെ തൊട്ടടുത്താണ് ഈ ദുരവസ്ഥ എന്നുള്ളത് പരിസ്ഥിതിപ്രേമികളിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (പഞ്ചായത്ത് അധികൃതർ) പലതവണ പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ക്ഷേത്ര ഉപദേശകസമിതിയും ഈ ഗൗരവമേറിയ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വണ്ടാനം കാവിന്റെ പരിസ്ഥിതി തനിമ നിലനിർത്താനും പ്രദേശത്തെ കടുത്ത മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Related Articles

Back to top button