പ്രതീക്ഷ കൈവിടാതെ കള്ളാടി… ദുരന്തഭൂമിയിൽ കാണാതായവർക്കായി തോട്ടിൽ പരിശോധന…

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള തോട് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് ഈ മേഖലയിൽ തിരച്ചിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ഈ തോട്ടിൽ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
പ്രദേശത്ത് പെയ്യുന്ന ഇടവിട്ടുള്ള കനത്ത മഴ രക്ഷാപ്രവർത്തനത്തെ വൻതോതിൽ ദുഷ്കരമാക്കുന്നുണ്ട്. മഴയെത്തുടർന്ന് മലവെള്ളം കുത്തിയൊലിച്ച് പരിശോധന നടത്തുന്ന തോട്ടിലേക്കും ദുരന്തഭൂമിയിലേക്കും എത്തുന്നതാണ് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തുന്നത്. ദുരന്തത്തിൽ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ മരണപ്പെട്ട മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹങ്ങൾ ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് ജന്മനാടുകളിൽ എത്തിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പ്രദേശത്തുനിന്നും 140 പേരെയാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളജിലാണ് ഈ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. അപകടത്തെ തുടർന്ന് ഇന്നലെ പത്ത് പേരെയാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിനിടയിൽ പരിക്കേറ്റ മേപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ മൂന്ന് പേർ ഇന്ന് ആശുപത്രി വിട്ടു. ബാക്കിയുള്ളവരിൽ അഞ്ച് പേരെ ജനറൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ ഒരേയൊരു മലയാളി സൈറ്റ് എഞ്ചിനീയറായ എറണാകുളം സ്വദേശി കുഞ്ചു ടി കെ ആണ്. കനത്ത മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് ഫയർഫോഴ്സും മറ്റ് സുരക്ഷാ സേനകളും പ്രദേശത്ത് തിരച്ചിൽ തുടരുന്നത്.



