പ്രതികൾ എഴുതി നൽകുന്നതാണോ സർക്കാർ ഉത്തരവ്?… വ്യവസായ സെക്രട്ടറിക്കെതിരെ ‘ഗുലുമാൽ പാട്ട്’ പരാമർശിച്ച് ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ഹൈക്കോടതി. കേസിൽ സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ ബദറുദ്ധീന്റെ ബെഞ്ചാണ് അതീവ ഗൗരവകരമായ ഈ കേസ് പരിഗണിച്ചത്. കേസിലെ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ച ശേഷം അത് നേരെ പ്രതിക്ക് തന്നെ കൊടുത്തുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വകുപ്പ് സെക്രട്ടറി തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന രൂക്ഷപരാമർശം ഹൈക്കോടതി നടത്തിയത്.

കെ ബിജുവിന്റെ ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമാണെന്നും കോടതി വിലയിരുത്തി. “ആദ്യ ഉത്തരവ് തയ്യാറാക്കിയത് പ്രതിയാണോ? പ്രതി വാർത്താസമ്മേളനം നടത്തി കോടതിയെ അധിക്ഷേപിച്ചു. സർക്കാരിനെ ഒന്നും പറയുന്നില്ല, എന്നാൽ ഉദ്യോഗസ്ഥർ എന്താണ് ഈ കാണിക്കുന്നത്? അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ…” സിനിമയിലെ പ്രശസ്തമായ ‘ഗുലുമാൽ പാട്ട്’ പരാമർശിച്ചുകൊണ്ട് വ്യവസായ സെക്രട്ടറിക്കെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കശുവണ്ടി കോർപ്പറേഷൻ മുൻ എംഡി കെ എ രതീഷ് എന്നിവർക്കെതിരായ പ്രോസിക്യൂഷൻ അനുമതിയുടെ പുതിയ ഉത്തരവ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ആദ്യ ഉത്തരവിലെ ഗുരുതരമായ വീഴ്ചകളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനായ കടകംപള്ളി മനോജ് സമർപ്പിച്ച ഉപഹർജിയും ഹൈക്കോടതി പരിഗണിച്ചു.

കഴിഞ്ഞ നാല് തവണയും സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ വാചകങ്ങൾ എഴുതി നൽകുന്നത് കേസിലെ പ്രതികൾ തന്നെയാണെന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് പ്രതികരിച്ചു. കുറ്റക്കാരായി കോടതി കണ്ടെത്തിയവരെ സർക്കാർ നിരന്തരം സംരക്ഷിക്കുകയാണെന്നും ഇന്നത്തെ കോടതിയുടെ കടുത്ത നടപടികൾ മനസ്സിലാക്കി മുഖ്യമന്ത്രി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിബിഐ അന്വേഷിക്കുന്ന ഈ അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, മുൻ കാഷ്യു ബോർഡ് എംഡി കെ എ രതീഷ് എന്നിവരാണ് പ്രധാന പ്രതികൾ. കേസിൽ ഹർജി വരും വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Related Articles

Back to top button