സീറ്റിൽ കിടന്നുകൊണ്ട് പൊലീസ് ജീപ്പിലിരുന്ന് മദ്യപന്റെ ഡ്രൈവിംഗ്…. വാഹനം ഓടിച്ച 3 ഡാൻസാഫ് ഉദ്യോഗസ്ഥരെ…..

പത്തനംതിട്ട: ജില്ലയിൽ മദ്യപിച്ച് ലക്കുകെട്ട് പൊലീസ് വാഹനം ഓടിച്ച മൂന്ന് ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫീസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അടിയന്തര നടപടി സ്വീകരിച്ചത്. ജില്ലാ പൊലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന ലഹരി വേട്ട സംഘത്തിലെ ഉദ്യോഗസ്ഥരാണ് നാട്ടുകാരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് മദ്യപിച്ച് പാതിരാത്രിയിൽ പാഞ്ഞത്. സിവിൽ പൊലീസ് ഓഫീസറായ പ്രിയേഷ് ആണ് വാഹനം ഓടിച്ചിരുന്നത്. ലക്കുകെട്ട പ്രിയേഷ് സീറ്റിൽ കിടന്നുകൊണ്ടാണ് വാഹനം ഓടിച്ചതെന്നാണ് ദൃക്ഷാസാക്ഷികളായ നാട്ടുകാർ പറയുന്നത്. ജീപ്പിന്റെ അമിതവേഗതയും അശാസ്ത്രീയമായ ഡ്രൈവിംഗും കാരണം റോഡിൽ വൻ അപകടങ്ങളാണ് തലനാരിഴയ്ക്ക് ഒഴിവായത്.

പൊലീസ് വാഹനത്തിന്റെ പോക്ക് കണ്ട് സംശയം തോന്നിയ നാട്ടുകാർ ഒടുവിൽ വാഹനം തടയുകയായിരുന്നു. നാട്ടുകാർ തടഞ്ഞതോടെ ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ പ്രിയേഷ് ഒഴികെയുള്ള മറ്റ് പൊലീസുകാർ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. സംസ്ഥാനത്ത് ക്രിമിനലുകളെയും ലഹരി മാഫിയകളെയും അടിച്ചമർത്താൻ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നതിനിടയിലാണ്, ലഹരിവിരുദ്ധ സ്ക്വാഡിലെ തന്നെ സിവിൽ പൊലീസ് ഓഫീസർമാരുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു നടപടിയുണ്ടായിരിക്കുന്നത്. ഇത് പൊലീസ് സേനയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി (എസ്പി) അർദ്ധരാത്രിയിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കുകയുമായിരുന്നു.




Related Articles

Back to top button