“സത്യപ്രതിജ്ഞയിൽ ‘മേനോൻ’ വന്നത് യാദൃശ്ചികതയല്ല”…. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ജാതിപ്പേര് ആയുധമാക്കി ആർ. ബിന്ദു

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത രാഷ്ട്രീയ-ജാതി വിമർശനങ്ങളുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രി ആർ. ബിന്ദു. ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ അദ്ദേഹം വെറും ‘വി.ഡി. സതീശൻ’ മാത്രമായിരുന്നുവെന്നും, എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തിയപ്പോൾ ‘വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ’ എന്ന് മുഴുവൻ പേര് വായിച്ചത് കേവലമൊരു യാദൃശ്ചികതയല്ലെന്നും ആർ. ബിന്ദു പരിഹസിച്ചു. ജാതീയമായ ഇത്തരം സമവാക്യങ്ങളും പ്രീണനങ്ങളും ഈ യുഡിഎഫ് ഭരണകാലത്ത് ഉടനീളം തുടരുമെന്നതിന്റെ സൂചനയാണിതെന്നും അവർ കൂട്ടിച്ചേർത്തു.

പുതിയ സർക്കാരിന്റെ നയങ്ങളെയും നിലപാടുകളെയും രൂക്ഷമായ ഭാഷയിലാണ് മുൻ മന്ത്രി വിമർശിച്ചത്. പാവപ്പെട്ട ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കാണ് ഭരണത്തിൽ ഒന്നാമത് പരിഗണന നൽകേണ്ടതെന്ന് ‘പൂക്കി’ മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ജനങ്ങൾക്ക് ആവശ്യം ഉപരിപ്ലവമായ കാപട്യങ്ങളല്ല, മറിച്ച് ആത്മാർത്ഥമായ ഇടപെടലുകളാണെന്നും ആർ. ബിന്ദു വ്യക്തമാക്കി. എറണാകുളം മലയിടംതുരുത്തിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെയും മുൻ മന്ത്രി ശക്തമായി പ്രതികരിച്ചു. സംസ്ഥാനത്ത് യാതൊരു കാരണവശാലും പാവപ്പെട്ടവരുടെ കുടിയിറക്ക് അനുവദിക്കില്ല. മനുഷ്യക്കവചം തീർത്തുകൊണ്ട് ജനങ്ങളെ അണിനിരത്തി ഇതിനെ ഞങ്ങൾ പ്രതിരോധിക്കും. എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരം ഏറ്റെടുത്തതോടെ സംസ്ഥാനത്ത് പോലീസിന്റെ നരനായാട്ടാണ് ആരംഭിച്ചിരിക്കുന്നത്. ഭരണം മാറിയതോടെ ജനങ്ങളോടുള്ള പോലീസിന്റെ കാഴ്ചപ്പാട് തന്നെ പൂർണ്ണമായും മാറിപ്പോയി എന്നും ആർ. ബിന്ദു പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിലാണ് വി.ഡി. സതീശൻ തന്റെ ഔദ്യോഗിക നാമത്തിന് പകരം ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ’ എന്ന് പൂർണ്ണരൂപത്തിൽ വായിച്ചത്. ഇത് രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സതീശൻ തന്റെ ‘മേനോൻ’ എന്ന ജാതിപ്പേര് ബോധപൂർവ്വം പൊതുസമൂഹത്തിന് മുന്നിൽ പ്രഖ്യാപിക്കാനാണ് ഈ വഴി സ്വീകരിച്ചതെന്നായിരുന്നു ഇടതുപക്ഷ നേതാക്കളുടെ പ്രധാന വിമർശനം. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിക്കളഞ്ഞിരുന്നു. തന്റെ അന്തരിച്ച പിതാവിന്റെ സ്മരണ പുതുക്കുന്നതിന് വേണ്ടിയാണ് അച്ഛന്റെ മുഴുവൻ പേര് ചേർത്തതെന്നും, സാധിച്ചിരുന്നെങ്കിൽ അമ്മയുടെ പേര് കൂടി കൂടെ വായിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം നൽകിയ വിശദീകരണം. തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം എംഎൽഎയായി സഭയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോഴും തന്റെ മുഴുവൻ പേര് തന്നെയാണ് വി.ഡി. സതീശൻ ആവർത്തിച്ചത്. ഈ പശ്ചാത്തലത്തിലാണ് ആർ. ബിന്ദുവിന്റെ പുതിയ രാഷട്രീയ ആക്രമണം.

Related Articles

Back to top button