‘ഏകോപനമില്ലെന്ന് പറഞ്ഞതിന് നന്ദി’…. മുൻ മന്ത്രി കൃഷ്ണൻകുട്ടിയെ പരിഹസിച്ച്…

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവുകൊണ്ടായിരിക്കാമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഏകോപനമില്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും അദ്ദേഹം പരിഹസിച്ചു. വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കെഎസ്ഇബി മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഏകോപനമില്ലെന്നും കെ. കൃഷ്ണൻകുട്ടി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ആരോപണം. കെഎസ്ഇബി മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ യാതൊരു ഏകോപനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം എൽനിനോ സാഹചര്യമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് മുൻകൂട്ടിക്കണ്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കൃഷ്ണൻകുട്ടി ആരോപിച്ചു. 1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നുവെന്നും എന്നാൽ അതിലും പുരോഗതിയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023ലും സമാനമായ വൈദ്യുതി പ്രതിസന്ധിയുണ്ടായിരുന്നുവെന്നും അന്ന് മന്ത്രിയായിരുന്ന താൻ എല്ലാ ആഴ്ചയും ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നുവെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഏകോപിതമായ ഇടപെടലുകൾ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

Related Articles

Back to top button