ആറാട്ടുപുഴയിലെ തങ്കമ്മ വധക്കേസ്…. പ്രതി കുറ്റം സമ്മതിച്ചു, നിർണായകമായത് കയർ

ആലപ്പുഴ: ആറാട്ടുപുഴ കിഴക്കേക്കര സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. താൻ ഒറ്റയ്ക്കാണ് ഈ ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പ്രകാശൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ, 80 വയസ്സുള്ള തങ്കമ്മയെ കൊലപ്പെടുത്തി കല്ലുകെട്ടി കായലിൽ താഴ്ത്താൻ ഒരാൾക്ക് മാത്രമായി കഴിയില്ലെന്നും, കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നുമാണ് പൊലീസിന്റെ ശക്തമായ സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് ചിലരെക്കൂടി പൊലീസ് നിരീക്ഷിച്ചുവരികയാണ്.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി തങ്കമ്മയുടെ മൃതദേഹം വലിയ കല്ലിൽ കെട്ടി കായലിൽ താഴ്ത്താനാണ് പ്രതി ശ്രമിച്ചത്. ഇതിനായി മൃതദേഹം കല്ലുമായി ബന്ധിക്കാൻ ഉപയോഗിച്ച പ്രത്യേക തരം കയറാണ് പ്രതിയെ കുടുക്കാൻ പൊലീസിന് പ്രധാന സൂചന നൽകിയത്. മത്സ്യബന്ധനത്തിനായി സാധാരണ ഉപയോഗിക്കാറുള്ള ഇത്തരം കയർ, ഇടയ്ക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകാറുള്ള പ്രകാശന്റെ വീടിന്റെ പരിസരത്ത് കണ്ടതായി അയൽവാസികൾ പൊലീസിന് രഹസ്യവിവരം നൽകിയിരുന്നു. ഇതേത്തുടർന്ന് പ്രകാശനെ പൊലീസ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാളുടെ പെരുമാറ്റത്തിൽ പ്രകടമായ അസ്വാഭാവികത കൂടി കണ്ടതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഒടുവിൽ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വരികയായിരുന്നു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാകാൻ പ്രതിയെ ലൊക്കേഷനിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.



