സ്ട്രോങ്ങ് റൂം വിവാദം.. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം… ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാകുന്നത് വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കാൻ പാടില്ലെന്ന് സി.ഇ.ഒ നിർദ്ദേശം നൽകി. സ്ട്രോങ്ങ് റൂമുകൾക്ക് പുറമെ, സീൽ ചെയ്യാത്ത മുറികൾ തുറക്കുന്നതിനും വിലക്ക് ബാധകമാണ്. കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് നെന്മാറയിലും സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി.

പാലക്കാട് വിക്ടോറിയ കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനിച്ചതാണ് ഒടുവിലത്തെ വിവാദത്തിന് കാരണമായത്. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, തുറക്കാൻ തീരുമാനിച്ചത് വോട്ടിംഗ് മെഷീനുകൾ (EVM) സൂക്ഷിച്ച മുറിയല്ലെന്നും മറിച്ച് തിരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ച മെറ്റീരിയൽ റൂമാണെന്നും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി വിശദീകരിച്ചു. വെബ്‌സൈറ്റിൽ പോളിംഗ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ‘ഫോം 17 A’ ശേഖരിക്കാനാണ് മുറി തുറക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. എങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് നിലവിൽ ഈ നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ മാത്രമേ ഇനി അന്തിമ തീരുമാനമെടുക്കൂ എന്നും കളക്ടർ വ്യക്തമാക്കി.

കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്ന പരാതിയിൽ യു.ഡി.എഫ് പ്രതിഷേധം തുടരുകയാണ്. ഇതിലും ചീഫ് ഇലക്ടറൽ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്. തുറന്നത് റിസർവ്വ് മെഷീനുകൾ വെച്ച മുറിയാണെന്ന് ഉദ്യോഗസ്ഥർ വാദിക്കുന്നുണ്ടെങ്കിലും, കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തത് വലിയ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുമാണ് കമ്മീഷന്റെ ഈ നീക്കം.

Related Articles

Back to top button