മരണത്തിന് ശേഷവും വിടാതെ ലോൺ ആപ്പ് മാഫിയ…. പത്തനംതിട്ടയിൽ യുവാവിന്റെ കുടുംബത്തിന് നേരെ ഭീഷണി

പത്തനംതിട്ട: ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് ജീവൻ നഷ്ടമായ യുവാവിന്റെ കുടുംബത്തെ മരണശേഷവും വേട്ടയാടി നിഗൂഢ സംഘം. പത്തനംതിട്ട കുമ്പഴ സ്വദേശി ദേവനാഥിന്റെ കുടുംബമാണ് ലോൺ ആപ്പ് മാഫിയയുടെ നിരന്തരമായ ഭീഷണിയിൽ ഭീതിയിലായിരിക്കുന്നത്. മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ചാണ് ദേവനാഥ് ആത്മഹത്യ ചെയ്തത്. എന്നാൽ മരണശേഷവും ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് അശ്ലീല സന്ദേശങ്ങളും ഭീഷണി കോളുകളും വരികയാണെന്ന് കുടുംബം പറയുന്നു.
കുടുംബത്തോടൊപ്പം മുംബൈയിൽ താമസിച്ചിരുന്ന ദേവനാഥ്, ജോലി നഷ്ടപ്പെട്ട സമയത്താണ് ലോൺ ആപ്പുകളിൽ നിന്ന് വായ്പ എടുത്തത്. എടുത്ത തുകയുടെ വലിയൊരു ഭാഗം തിരിച്ചടച്ചിട്ടും സംഘത്തിന്റെ ഭീഷണി അവസാനിച്ചില്ല. ദേവനാഥിന്റെ ഫോണിലെ കോൺടാക്റ്റുകൾ കൈക്കലാക്കിയ സംഘം, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മോശമായ സന്ദേശങ്ങൾ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഈ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് യുവാവ് ജീവനൊടുക്കിയത്. ദൗർഭാഗ്യകരമായ കാര്യം, ദേവനാഥിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴും ഈ സംഘം കുടുംബത്തെ പിന്തുടർന്നു എന്നതാണ്. സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴും ഇർഫാനയുടെയും (ഭാര്യ) അച്ഛന്റെയും ഫോണുകളിലേക്ക് ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു.
തന്റെ മരണത്തിന് ഉത്തരവാദികൾ ലോൺ ആപ്പ് സംഘമാണെന്ന വ്യക്തമായ തെളിവുകൾ ദേവനാഥിന്റെ ഫോണിൽ നിന്നും കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. വായ്പാ തുക തിരിച്ചടച്ചതിന്റെ രേഖകളും ഇവർ കണ്ടെത്തി. മുംബൈ സൈബർ പോലീസിന്റെ ഉൾപ്പെടെ സഹായത്തോടെ ഈ നിഗൂഢ സംഘത്തിനെതിരെ കർശനമായ നിയമപോരാട്ടം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.




