വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ നിന്ന് സർക്കാർ പിന്നോട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. വിവാദ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന ശക്തമായ സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. ജനസമൂഹത്തിന്റെ ശബ്ദം യുഡിഎഫ് കേൾക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് സ്പീക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയം യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നികുതിയിളവ് പ്രഖ്യാപനം വലിയ വിവാദമായ പശ്ചാത്തലത്തിൽ, വിഷയം വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി അനിൽ കുമാർ, കെ. മുരളീധരൻ എന്നിവർ വ്യക്തമാക്കി. തീരുമാനത്തിൽ എന്തെങ്കിലും തിരുത്തേണ്ടതുണ്ടെങ്കിൽ അത് തിരുത്തുമെന്ന നിലപാടാണ് മന്ത്രി എ.പി അനിൽ കുമാർ സ്വീകരിച്ചത്. എന്നാൽ, ബജറ്റിലെ ധനബില്ല് മാറ്റങ്ങൾ കൂടാതെ പാസാക്കുന്നതിനാണ് മുഖ്യമന്ത്രി വി.ഡി സതീശൻ കോൺഗ്രസിലും മുന്നണിയിലും സമവായ നീക്കങ്ങൾ നടത്തുന്നത്. നികുതി കുറയ്ക്കുന്നതിനുള്ള ബജറ്റ് നിർദ്ദേശം ചർച്ച ചെയ്യാനായി യുഡിഎഫ് ഉന്നതാധികാര സമിതി ഉടൻ യോഗം ചേരും. സർക്കാരിലെ ബോർഡ് കോർപ്പറേഷൻ വിഭജനത്തിനായി നേരത്തെ നിശ്ചയിച്ചിരുന്ന യോഗത്തിൽ ഇപ്പോൾ മദ്യനയ വിവാദം തന്നെയാകും പ്രധാന ചർച്ചാ വിഷയം. സർക്കാരിന്റെ മദ്യനയ നീക്കങ്ങൾക്കെതിരെ കത്തോലിക്കാ സഭയും രംഗത്തെത്തിയിട്ടുണ്ട്. ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നൽകി.

Related Articles

Back to top button