അനുമതി കാലാവധി കഴിഞ്ഞിട്ടും മണ്ണെടുപ്പ്… നിർണായക രേഖകൾ പുറത്ത്…

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് അനധികൃത മണ്ണെടുപ്പ് നടന്നിരുന്നുവെന്ന് സൂചിപ്പിക്കുന്ന നിർണായക രേഖകൾ പുറത്തുവന്നു. നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും അനുമതിയുടെ കാലാവധി കഴിഞ്ഞ ശേഷവും പ്രദേശത്ത് മണ്ണെടുപ്പും നിർമാണ പ്രവർത്തനങ്ങളും തുടർന്നതായി രേഖകൾ വ്യക്തമാക്കുന്നു. ജിയോളജി വകുപ്പ് നൽകിയ പാറപൊട്ടിക്കൽ അനുമതി ജൂൺ 19-നും, നഗരസഭ നൽകിയ മണ്ണെടുപ്പ് അനുമതി ജൂൺ 20-നും അവസാനിച്ചിരുന്നു. എന്നാൽ അനുമതി പുതുക്കാതെയാണ് പ്രവർത്തനങ്ങൾ തുടർന്നതെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

അനുമതി പുതുക്കിയിട്ടില്ലെന്ന് മലപ്പുറം നഗരസഭ ചെയർപേഴ്സൺ റിൻഷ സ്ഥിരീകരിച്ചു. ബന്ധപ്പെട്ട കമ്പനിയുടെ ലൈസൻസ് റദ്ദാക്കുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അവർ അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യത നിലനിന്നിരുന്നിട്ടും ഏപ്രിൽ ഒന്നിന് പ്രദേശത്ത് മണ്ണെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ പരിസ്ഥിതി ലോല മേഖലയായ ഇവിടെ എങ്ങനെ മണ്ണെടുപ്പിനും പാറപൊട്ടിക്കലിനും അനുമതി നൽകിയെന്ന ചോദ്യവും ശക്തമായിട്ടുണ്ട്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നത്. നിലവിൽ മഴ കുറഞ്ഞെങ്കിലും വീണ്ടും ശക്തമായ മഴ പെയ്താൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്ക തുടരുകയാണ്.

2018-ലും സമാനമായ രീതിയിൽ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്നും അന്ന് നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് നാട്ടുകാർ പരാതി നൽകിയിരുന്നുവെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിർമാണ അനുമതി നഗരസഭയാണ് നൽകിയതെന്നും പാറപൊട്ടിക്കാനുള്ള അനുമതി ജിയോളജി വകുപ്പാണ് നൽകിയതെന്നും മലപ്പുറം എഡിഎം അൻവർ സാദത്ത് പറഞ്ഞു. അപകടസാധ്യത കണക്കിലെടുത്ത് സമീപവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും 200 മീറ്റർ പരിധിക്കുള്ളിൽ ആളുകളില്ലെന്നും അദ്ദേഹം അറിയിച്ചു. മുകളിലത്തെ ഭാഗത്ത് നിന്ന് ഇപ്പോഴും മണ്ണ് ഒഴുകിയെത്തുന്നതിനാൽ നിലവിൽ മണ്ണ് നീക്കം ചെയ്യാൻ കഴിയില്ലെന്നും കാലാവസ്ഥ അനുകൂലമായാൽ മാത്രമേ രക്ഷാപ്രവർത്തനങ്ങൾ പൂർണമായി നടത്താനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. റോഡിൽ അടിഞ്ഞുകിടക്കുന്ന മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു.

Related Articles

Back to top button