സർക്കാരിന് തിരിച്ചടി… പൊലീസ് സംഘടനാ പുനഃസംഘടന…

കൊച്ചി: കേരള പൊലീസ് അസോസിയേഷൻ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. സംഘടനകളുടെ പുനഃസംഘടനയും അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനവും തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ സ്റ്റേ തുടരുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‌ഹോക് കമ്മിറ്റി അംഗം ജി.ആർ. അജിത് നൽകിയ അപ്പീൽ ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വീകരിച്ചില്ല. തുടർന്ന് ഹർജിക്കാരൻ അപ്പീൽ പിൻവലിച്ചു.
വിഷയത്തിൽ നിലവിൽ കേസ് പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിൽ തന്നെ എതിർപ്പുകൾ ഉന്നയിക്കാമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കേരള പൊലീസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് നേരത്തെ സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നത്. വിഷയത്തിൽ അന്തിമ വിധി വരുന്നതുവരെ പുനഃസംഘടനാ നടപടികളും അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും തുടർന്നും തടഞ്ഞിരിക്കുകയാണ്.
പുനഃസംഘടനയ്ക്ക് മതിയായ കാരണങ്ങൾ ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകളുടെയും ഭരണസമിതികളെ പിരിച്ചുവിട്ട് പുതിയ ഘടന കൊണ്ടുവരാനായിരുന്നു സർക്കാർ തീരുമാനം.
എന്നാൽ അഡ്‌ഹോക് കമ്മിറ്റി രൂപീകരണം ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭാരവാഹികളെ ബോധപൂർവം ഒഴിവാക്കിയാണത് നടത്തിയതെന്നും അസോസിയേഷൻ നേതാക്കൾ ആരോപിച്ചിരുന്നു. ഡിവിഷൻ ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ കേസിന്റെ തുടർവാദം സിംഗിൾ ബെഞ്ചിലായിരിക്കും നടക്കുക. അന്തിമ കോടതി വിധി വരുന്നതുവരെ സർക്കാർ പൊലീസ് സംഘടനകളുടെ പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകാനാകില്ല.



