ഉറക്കക്കുറവ് വില്ലനാകുന്നു; 50 വയസ്സിന് താഴെയുള്ളവരിൽ അർബുദ സാധ്യത മൂന്നിരട്ടിയെന്ന് പഠനം!

യുവാക്കളിലും മധ്യവയസ്കരിലും അർബുദ സാധ്യത വർധിപ്പിക്കുന്നതിൽ ഉറക്കക്കുറവ് വലിയൊരു ഘടകമാണെന്ന് പുതിയ പഠന റിപ്പോർട്ട്. 50 വയസ്സിന് താഴെയുള്ളവരിൽ ഉറക്കമില്ലായ്മ അഞ്ച് വർഷത്തിനുള്ളിൽ കാൻസർ പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയാക്കി വർധിപ്പിക്കുമെന്നാണ് മെഡിക്കൽ ലോകത്തിന്റെ പുതിയ മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ കാൻസർ സമ്മേളനമായ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (ASCO) വാർഷിക യോഗത്തിലാണ് ഈ ഞെട്ടിക്കുന്ന പഠനവിവരങ്ങൾ അവതരിപ്പിച്ചത്.

ഹൂസ്റ്റണിലെ പ്രശസ്തമായ എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്ററാണ് ഈ പഠനത്തിന് പിന്നിൽ. 18-നും 50-നും ഇടയിൽ പ്രായമുള്ള 18 ദശലക്ഷത്തോളം യു.എസ്. പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ വർഷങ്ങളോളം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

ഏതെല്ലാം കാൻസറുകൾക്ക് സാധ്യത കൂടുതൽ?
തുടർച്ചയായ ഉറക്കക്കുറവ് നേരിടുന്നവരിൽ പ്രധാനമായും താഴെ പറയുന്ന അർബുദങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു:

കുടലിലെ അർബുദം (Colorectal Cancer)

സ്തനാർബുദം (Breast Cancer)

ഗർഭാശയാർബുദം (Uterine Cancer)

അണ്ഡാശയ കാൻസർ (Ovarian Cancer)

പ്രതിരോധ ശേഷിയെ തകർക്കും, അപകടം ഇരട്ടിക്കും
“ഉറക്കം കുറയുന്നത് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനത്തെ (Immune System) പാടേ തകരാറിലാക്കുന്നു. ദുർബലമായ ഈ പ്രതിരോധാവസ്ഥയാണ് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.” – ഗവേഷകർ വ്യക്തമാക്കുന്നു.

ഉറക്കമില്ലായ്മ വ്യക്തികളുടെ ആരോഗ്യകരമായ ജീവിതചര്യകളെ ബാധിക്കുന്നതിനൊപ്പം മദ്യപാനം, പുകവലി, അമിതവണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയ മറ്റ് മോശം ശീലങ്ങളിലേക്ക് നയിക്കുന്നതും രോഗസാധ്യത ഇരട്ടിയാക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ചെറുപ്പക്കാരിൽ കാൻസർ ബാധിതരുടെ എണ്ണം ലോകമെമ്പാടും 80 ശതമാനത്തോളം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, ഉറക്കമില്ലായ്മയും കാൻസറും തമ്മിലുള്ള കൂടുതൽ ആഴത്തിലുള്ള ബന്ധം കണ്ടെത്താൻ വിപുലമായ ഗവേഷണങ്ങൾ തുടരുമെന്നും മെഡിക്ക മെഡിക്കൽ സംഘം അറിയിച്ചു.

കഴിഞ്ഞ മൂന്ന് ദശകത്തിനിടയിൽ അർബുദം ബാധിച്ച ചെറുപ്പക്കാരുടെ എണ്ണത്തിൽ ഏകദേശം 80% വർധനവുണ്ടായെന്നും പഠനം പറയുന്നു. 1990-ൽ 1.82 ദശലക്ഷമായിരുന്ന കാൻസർ കേസുകൾ 2019-ൽ 3.26 ദശലക്ഷമായി ഉയർന്നു. മുപ്പതുകളിലും നാൽപതുകളിലും ഉള്ളവരിലും അതിൽ താളെയുള്ളവരിലും കാൻസർ മരണനിരക്ക് 27 ശതമാനമായി വർധിച്ചുവെന്നും പഠനത്തിലുണ്ട്.

അതേസമയം ഉറക്കമില്ലായ്മയും നേരത്തെയുള്ള കാൻസറും തമ്മിലുള്ള ബന്ധം നന്നായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നുണ്ട്.

ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്

പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.

ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും പൊരിച്ചതും മസാല ചേർത്ത് അളവിൽ കൂടുതലും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.

Related Articles

Back to top button