തൃശൂരില്‍ ഷിഗെല്ല ബാധിച്ച് മരണം…

തൃശൂരിലും ഷിഗെല്ല മരണം. പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ 43 കാരന് ഷിഗെല്ല ബാധിച്ചതായി കണ്ടെത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൊടകരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാന ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരനും രോഗം ബാധിച്ച് മരിച്ചിരുന്നു.
മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.



