ഷംലയ്ക്ക് പ്രിയം മാട്രിമോണിയും സോഷ്യൽ മീഡിയയും…. യുവാക്കളിൽ നിന്നും തട്ടിയത് …

കൊച്ചി: മാട്രിമോണിയൽ സൈറ്റും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ ജീവിത പങ്കാളിയാക്കാമെന്നും, ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് പലരിൽ നിന്നും പല പേരുകളിലായി കോടികൾ തട്ടിയെടുത്ത യുവതി പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.

തുടർന്ന് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പൊലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട് , കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹ വാഗ്ദാനം നൽകി ബിസിനസ്സ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്. എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് ക്യാരി ബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും കബളിപ്പിയെടുത്തെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button