‘ഞാന്‍ എഴുതി തയ്യാറാക്കിയ പ്രസംഗം ഷാഫി പറമ്പില്‍ അടിച്ചുമാറ്റി’; വെളിപ്പെടുത്തലുമായി കെഎന്‍എ ഖാദര്‍

നിയമസഭയില്‍ താന്‍ പ്രസംഗിക്കാന്‍ തയ്യാറാക്കി വച്ച കുറിപ്പ് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍ അടിച്ചുമാറ്റിയെന്ന വെളിപ്പെടുത്തലുമായി മുസ്ലീംലീഗ് നേതാവ് കെഎന്‍എ ഖാദര്‍. തന്റെ ആത്മകഥയായ വ്യാകരണമില്ലാത്ത ജീവിതത്തിലാണ് ഇക്കാര്യം പറയുന്നത്. പി ശ്രീരാമകൃഷ്ണന് സ്പീക്കറായിരുന്ന കാലത്തുണ്ടായ രസകരമായ ഒരനുഭവമായിട്ടാണ് ഖാദര്‍ അക്കാര്യം പങ്കുവയ്ക്കുന്നത്.
‘സ്പീക്കര്‍ നിയമസഭയിലില്ല. ഞാനാണ് സ്പീക്കറുടെ കസേരയില്‍. നിയമസഭ നിയന്ത്രിക്കുന്നതിനിടെ അംഗങ്ങളെ പ്രസംഗിക്കാന്‍ വിളിക്കുകയാണ്. അന്ന് എനിക്കും പ്രസംഗമുണ്ടായിരുന്നു. വിഷയം നന്നായി പഠിച്ച് കുറിപ്പുമായി പോയാലേ എനിക്ക് പ്രസംഗിക്കാന്‍ കഴിയൂ. എ ഫോര്‍ കടലാസ് നീളത്തില്‍ രണ്ടായി മടക്കിയാണ് കുറിപ്പ് തയ്യാറാക്കുക. കോടതിയില്‍ കേസ് നടത്താന്‍ പോകുമ്പോള്‍ കിട്ടിയ ശീലമാണത്. എളുപ്പത്തില്‍ മറിച്ചെടുത്ത് ഓരോരോ പോയിന്റുകളായി പറയാം. അങ്ങനെത്തന്നെയാണ് നിയമസഭയിലും പോയിരുന്നത്.
ആഭ്യന്തരവകുപ്പിനെ കുറിച്ച് സംസാരിക്കായി തയ്യാറാക്കി വച്ചതായിരുന്നു കുറിപ്പ്. ഓരോവീഴ്ചകളും എണ്ണിപ്പറയുന്നതിനായി ലൈബ്രറിയില്‍ പോയി പത്രഫയലുകള്‍ പരിശോധിച്ച് തീയതിസഹിതം കുറിച്ചെടുത്തിരുന്നു. ഷാഫി പറമ്പിലിനെ പ്രസംഗിക്കാനായി ക്ഷണിച്ചു. പ്രസംഗം തുടങ്ങിയതോടെ ഷാഫി പറയുന്നത് അതിലുള്ളതാണെന്ന് മനസിലായി. താന്‍ സീറ്റിലേക്ക് മടങ്ങിയപ്പോള്‍ ഷാഫി ഓടി വന്ന് ‘ഇതാ സാറിന്റെ കുറിപ്പ്. ഇനി എനിക്കിത് വേണ്ട.’ എന്നുപറഞ്ഞു ചിരിച്ചുവെന്നും ആത്മകഥയില്‍ ഖാദര്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് പുസ്തകം പ്രകാശനം ചെയ്തത്.



